മുംബൈ: ശിവസേനാ നേതാവ് സഞ്ജയ് റാവുത്തിന്റെ മുംബൈയിലെ വസതിയില്‍ നടന്ന ഇ.ഡിയുടെ റെയ്ഡിൽ പ്രതികരിച്ച് ശിവസേന നേതാവ്. കേന്ദ്ര ഏജൻസിയുടെ അന്വേഷണം തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് സഞ്ജയ് ട്വീറ്റ് ചെയ്തു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ പകപോക്കലിന് ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ റാവുത്തിന് ഇ.ഡി സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍, അദ്ദേഹം ഹാജരാകാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതേത്തുടർന്നാണ് ഇ.ഡി സംഘം അദ്ദേഹത്തിന്റെ വസതിയിൽ എത്തിയത്.
‘എനിക്ക് ഒരു അഴിമതിയുമായും ബന്ധമില്ല. ശിവസേന തലവൻ ബാലാസാഹേബ് താക്കറെ സത്യം ചെയ്ത് ഞാൻ പറയുന്നു. ബാലാസാഹെബ് ഞങ്ങളെ പോരാടാൻ പഠിപ്പിച്ചു. ഞാൻ ശിവസേനയ്ക്കുവേണ്ടി പോരാടും. തെറ്റായ നടപടി. തെറ്റായ തെളിവുകൾ. ഞാൻ ശിവസേന വിടില്ല. ഞാൻ മരിച്ചാലും ഞാൻ കീഴടങ്ങില്ല. ജയ് മഹാരാഷ്ട്ര’, അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തുകൊണ്ടാണ് സമൻസ് അയച്ചിട്ടും സഞ്ജയ് ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകാതിരുന്നതെന്ന് ബി.ജെ.പി എം.എൽ.എ രാം കദം ചോദിച്ചു. നിരപരാധിയാണെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ എന്തിനാണ് ഭയപ്പെടുന്നതെന്ന് ചോദിച്ച രാം കദം, സഞ്ജയ്‌ക്ക് വാർത്താസമ്മേളനം നടത്താൻ സമയമുണ്ടെന്നും ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസി ഓഫീസിൽ ഹാജരാകാൻ മാത്രം സമയമില്ലെന്നും പരിഹസിച്ചു.
Post Your Comments