Independence DayChallenges Post Independence

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന വാദം: സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രതിസന്ധി

1920-കളിൽ സ്വാതന്ത്ര്യ സമരക്കാലത്ത് തന്നെ, സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞാൽ വിവിധ ഭാഷകൾ സംസാരിക്കുന്ന ഓരോ ഗ്രൂപ്പുകൾക്കും തനതായ പ്രവിശ്യകൾ രൂപീകരിക്കാമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉറപ്പു നൽകിയിരുന്നു. എന്നാൽ, സ്വാതന്ത്ര്യലബ്ധിക്കു ശേഷം കോൺഗ്രസ് നേതാക്കൾ അത് പാലിക്കാൻ വലിയ താല്പര്യം കാണിച്ചില്ല. ആദ്യമായി ഭാരതം വിഭജിക്കപ്പെട്ടത് പോലും മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും ഉപ പ്രധാനമന്ത്രി സർദാർ വല്ലഭായ് പട്ടേലും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിന് എതിരായിരുന്നു. വിഘടനവാദികളായാണ് നെഹ്റു അവരെ കണ്ടത്. സർദാർ വല്ലഭായി പട്ടേലാകട്ടെ, ആദ്യം ഒരു രാഷ്ട്രം ഏകീകൃതമായി കെട്ടിപ്പടുക്കുന്ന തിരക്കിലായിരുന്നു. അതുകൊണ്ടു തന്നെ, രാഷ്ട്രമെന്ന ഏകത്വത്തെ ഖണ്ഡിക്കുന്ന ഭാഷാപരമായ വിഭജനത്തെ അദ്ദേഹവും പ്രോത്സാഹിപ്പിച്ചില്ല.

ഭാഷാപരമായുള്ള സംസ്ഥാനങ്ങളുടെ വിഭജനം പ്രതീക്ഷിച്ചിരുന്ന നേതാക്കൾ ഇതോടെ അസ്വസ്ഥരായി. അവരിൽ മലയാളികളും മറാട്ടികളും കന്നഡിഗരും തമിഴരുമെല്ലാം ഉണ്ടായിരുന്നു. എന്നാൽ, ഏറ്റവും ശക്തമായ എതിർപ്പുയർന്നത് തെലുങ്ക് സംസാരിക്കുന്നവരിൽ നിന്നായിരുന്നു. തെലുങ്ക് സംസാരിക്കുന്നവർക്ക് പ്രത്യേകമായൊരു സംസ്ഥാനം വേണമെന്ന് അവർ വാശി പിടിച്ചു. അന്നത്തെ മദ്രാസ് പ്രസിഡൻസിയിൽ നിന്നും തെലുങ്കർക്ക് ആന്ധ്ര പ്രദേശ് എന്ന പേരിൽ വേറൊരു സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം അതിശക്തമായി.

1952-ലെ തെരഞ്ഞെടുപ്പ് ക്യാമ്പയിനെത്തിയ നെഹ്റുവിനെ കരിങ്കൊടി കാണിച്ചാണ് ആന്ധ്ര വാദികൾ സ്വാഗതം ചെയ്തത്. ആന്ധ്ര പ്രദേശ് വേണമെന്ന മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ അന്തരീക്ഷത്തിൽ അലയടിച്ചു. അതേ വർഷം തന്നെ ഒക്ടോബറിൽ, പ്രശസ്ത ഗാന്ധിയനായ പോറ്റി ശ്രീരാമുലു ഈ ആവശ്യവുമായി നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. ചെറിയ രീതിയിൽ ആരംഭിച്ച സത്യാഗ്രഹത്തിന് ഓരോ ദിവസം കഴിയും തോറും പിന്തുണയും പ്രശസ്തിയും വർദ്ധിച്ചു. നഗരങ്ങളിലും ഗ്രാമങ്ങളിലും ഹർത്താലുകളും ബന്ദുകളും തുടർക്കഥയായി.

58 ദിവസം പിന്നിട്ട നിരാഹാരത്തിനൊടുവിൽ 1952 ഡിസംബർ 15 ന് പോറ്റി ശ്രീരാമലു മരണമടഞ്ഞു. ആ സംഭവത്തോടെ ആന്ധ്ര മേഖല ഒന്നടങ്കം സംഘർഷഭരിതമായി. കലാപം പൊട്ടിപ്പുറപ്പെടുമെന്നായപ്പോൾ, വേറെ വഴിയില്ലാതെ കേന്ദ്രസർക്കാരിന് ആന്ധ്ര വാദികളുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടി വന്നു. അങ്ങനെ, 1 ഒക്ടോബർ 1953ന്, ആന്ധ്ര സംസ്ഥാനം നിലവിൽ വന്നു. ഈ സംഭവം ഭാഷാടിസ്ഥാനത്തിലുള്ള സമുദായങ്ങളെ സ്വന്തമായി സംസ്ഥാനം രൂപീകരിക്കാൻ പ്രേരിപ്പിക്കുകയും, സമ്മർദ്ദങ്ങളുടെ ഫലമായി സംസ്ഥാനങ്ങൾ രൂപീകരിക്കാൻ സ്റ്റേറ്റ്സ് റെക്കൊഗ്നിഷൻ കമ്മീഷൻ നിലവിൽ വരികയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button