Latest NewsIndiaNews

‘ഞാൻ വെറും സൂക്ഷിപ്പുകാരി, എല്ലാം മന്ത്രിയുടേത്’: പാർത്ഥ ചാറ്റർജിയെ കുടുക്കി അർപിതയുടെ കുറ്റസമ്മതം

കൊൽക്കത്ത: തന്റെ ഫ്‌ളാറ്റിൽ നിന്നും കണ്ടെടുത്ത കോടികളുടെ യഥാർത്ഥ അവകാശി അറസ്റ്റിലായ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജി ആണെന്ന് മന്ത്രിയുടെ അടുത്ത സഹായി അർപിത മുഖർജിയുടെ കുറ്റസമ്മതം. എസ്എസ്‌സി റിക്രൂട്ട്‌മെന്റ് അഴിമതിയെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട്, കഴിഞ്ഞ ദിവസം അർപിത മുഖർജിയുടെ സൗത്ത് കൊൽക്കത്തയിലെ വസതിയിലുള്ള ഫ്ലാറ്റിൽ നിന്നും ഇ.ഡി ഉദ്യോഗസ്ഥർ 21 കോടിയിലധികം രൂപ കണ്ടെത്തിയിരുന്നു. പണത്തിന്റെ ഉറവിടം എന്താണെന്ന ഇ.ഡിയുടെ ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ അർപിത ആദ്യദിവസങ്ങളിൽ ഇരുന്നു.

ഇതിനിടെ, മന്ത്രി പാർത്ഥ ചാറ്റർജിയെയും ഇ.ഡി അറസ്റ്റ് ചെയ്തു. പിന്നാലെ, അർപിതയുടെ രണ്ടാമത്തെ ഫ്‌ളാറ്റിൽ നിന്നും കോടികൾ കണ്ടെടുത്തു. അർപിതയുടെ പേരിലുള്ള ഫ്‌ളാറ്റിനുള്ളിൽ നിന്ന് കണ്ടെടുത്തത് നൂറ്റിയിരുപത് മില്യൺ രൂപയാണ്. ഇതോടെ, തന്റെ ഫ്‌ളാറ്റിൽ നിന്നും കണ്ടെടുത്ത പണം തന്റേതല്ലെന്നും, അത് മന്ത്രിയുടേത് ആണെന്നും വ്യാഴാഴ്ച അർപിത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) വെളിപ്പെടുത്തി.

Also Read:ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഡ്രാഗൺ ഫ്രൂട്ട്: അറിയാം ആരോഗ്യഗുണങ്ങൾ

കണ്ടെടുത്ത തുക പാർത്ഥ ചാറ്റർജിയുടേതാണെന്നും പണം സൂക്ഷിക്കാൻ തന്റെ ഫ്ലാറ്റ് ഉപയോഗിച്ചതാണെന്നും അർപിത സമ്മതിച്ചതായി ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. ഇത്രയും വലിയ തുക ആ ഫ്ലാറ്റിൽ ഉണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അർപിത പറഞ്ഞതായാണ് റിപ്പോർട്ട്. പാർത്ഥ ഇടയ്ക്ക് തന്റെ ഫ്‌ളാറ്റ് സന്ദർശിക്കാറുണ്ടെന്നും അയാൾക്ക് മാത്രമേ പണത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയൂവെന്നും അവർ പറഞ്ഞു.

ആദ്യത്തെ ഫ്‌ളാറ്റിൽ നിന്നും കോടികൾ പിടിച്ചെടുത്തപ്പോഴും, രണ്ടാമത്തെ ഫ്ലാറ്റിനെ കുറിച്ചോ പണത്തെ കുറിച്ചോ അർപിത വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, സ്വത്തുവിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ഇ.ഡി രണ്ടാമത്തെ ഫ്‌ളാറ്റിലും റെയ്ഡ് നടത്തുകയായിരുന്നു. ഈ റെയ്ഡിൽ ആണ് കോടികളുടെ പണവും 5 കിലോയുടെ സ്വർണവും കണ്ടെത്തിയത്. അറസ്റ്റിലായപ്പോഴും, അർപിത പാർത്ഥ ചാറ്റർജിയുടെ ‘വിശ്വസ്ത’ ആകാൻ ശ്രമിച്ചിരുന്നു. എന്നാൽ, രണ്ടിടങ്ങളിലും ഒളിപ്പിച്ച് വെച്ച പണം ഇ.ഡി കണ്ടെടുത്തതോടെ ഇനി പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണ് അർപിത എല്ലാം തുറന്നു പറയാൻ കാരണമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button