കണ്ണൂർ: ഇന്ന് കേരളത്തെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു അമ്മയുടെ കണ്മുന്നിൽ വെച്ചുള്ള പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ദാരുണ മരണം. ട്രെയിനിടിച്ചാണ് നന്ദിത കിഷോർ എന്ന 16 കാരിയുടെ മരണം. അലവിൽ നുച്ചി വയലിലെ പരേതനായ കിഷോറിന്റെയും ലിസിയുടെയും ഏക മകളായ നന്ദിതയാണ് മരിച്ചത്. നന്ദിതയുടെ പിതാവ് കിഷോർ രോഗബാധിതനായി അടുത്ത കാലത്താണ് മരണമടഞ്ഞത്. ഇതിന്റെ ആഘാതം കുടുംബത്തെയും ബന്ധുക്കളെയും വിട്ടു മാറുന്നതിന് മുൻപാണ് നന്ദിതയുടെയും അപകട മരണം.
ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ കുട്ടി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുട്ടിയെ വാഹനത്തിൽ സ്‌കൂളിൽ കൊണ്ടു വിടാനായി കാറിൽ മാതാവ് എത്തിയിരുന്നു. സ്‌കൂൾ ബസിൽ കയറാൻ രാവിലെ അമ്മയ്ക്കൊപ്പം കാറിൽ വന്ന വിദ്യാർഥിനി റെയിൽവെ ഗേറ്റ് അടച്ചിരിക്കുന്നതുകണ്ട് കാറിൽനിന്ന് ഇറങ്ങി റെയിൽവെ ട്രാക്ക് മുറിച്ച് കടക്കുകയായിരുന്നു. സ്‌കൂൾ ബസ് പതിവായി എത്തുന്ന സ്ഥലത്തേക്ക് നടന്ന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
കണ്ണൂർ ചിറയ്ക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിൽ രാവിലെ 7.45 ഓടെയായിരുന്നു അപകടം ഉണ്ടായത്. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പരശുറാം എക്സ്പ്രസ് ആണ് കുട്ടിയെ ഇടിച്ചു തെറിപ്പിച്ചത്. കക്കാട് ഭാരതീയ വിദ്യാഭവൻ പ്‌ളസ് വൺ വിദ്യാർത്ഥിനിയാണ് പതിനാറുകാരിയായ നന്ദിത. കുട്ടി പാളം കടന്നിരുന്നുവെന്നും, എന്നാൽ കുട്ടിയുടെ പിന്നിലെ ബാഗ് ട്രെയിനിൽ കൊളുത്തിയതിനെ തുടർന്ന് കുട്ടി തെറിച്ചു വീഴുകയായിരുന്നു എന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.
നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ സമീപത്തെ എകെജി ആശുപത്രിയിലും തുടർന്ന് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗേറ്റിനടിയിലൂടെ നൂണ്ടുകയറി നന്ദിത പോയത് മരണത്തിലേക്കായിരുന്നു. കണ്മുന്നിൽ മകൾ പിടഞ്ഞ് മരിക്കുന്നത് കണ്ട മാതാവ് ലിസി ബോധരഹിതയായി വീണു. ഒരു നിമിഷത്തെ അശ്രദ്ധയാണ് നന്ദിതയുടെ ജീവൻ അപഹരിച്ചത്. സ്‌കൂൾ ബസ് പോകുമെന്നുള്ള ഭയത്തിൽ വേഗം പാളം മറികടക്കാനാവുമെന്നായിരുന്നു കുട്ടിയുടെ പ്രതീക്ഷ.
Post Your Comments