KeralaLatest NewsIndia

ഇന്റർനെറ്റ് സ്വാധീനം കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്നു: കൗമാരക്കാരികൾ ഗർഭിണിയാകുന്നതിൽ ആശങ്ക അറിയിച്ച് ഹൈക്കോടതി

വയറുവേദനയ്ക്ക് ചികിത്സതേടി അമ്മ 13 കാരിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിഞ്ഞത്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഗര്‍ഭിണിയാകുന്ന സംഭവം അസാമാന്യമായ ഏറുന്നതില്‍ ആശങ്കപ്രകടിപ്പിച്ച് ഹൈക്കോടതി. സ്‌കൂളുകളില്‍ ലൈംഗികവിദ്യാഭ്യാസം നടപ്പാക്കുന്നതില്‍ അധികാരികള്‍ പുനരാലോചന നടത്തേണ്ട സമയമാണിതെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ അഭിപ്രായപ്പെട്ടു. 13 വയസ്സുകാരി പെണ്‍കുട്ടിയുടെ 31 ആഴ്ച പിന്നിട്ട ഗര്‍ഭസ്ഥശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ നിര്‍ദ്ദേശിച്ച ഉത്തരവിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.

13 വയസ്സുകാരി പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത സഹോദരനില്‍നിന്നാണ് ഗര്‍ഭം ധരിച്ചത്. വയറുവേദനയ്ക്ക് ചികിത്സതേടി അമ്മ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിഞ്ഞത്. അമ്മയാണ് മകളുടെ ഗര്‍ഭച്ഛിദ്രത്തിന് അനുമതിതേടി ഹൈക്കോടതിയെ സമീപിച്ചത്. കുഞ്ഞിനെ പുറത്തെടുത്താല്‍ ജീവിക്കാനുള്ള സാധ്യത 60-70 ശതമാനമായിരിക്കും. പെണ്‍കുട്ടി കടുത്ത ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതെല്ലാം കണക്കിലെടുത്താണ് ഗര്‍ഭസ്ഥശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ അനുമതിനല്‍കിയത്. കുട്ടിയെ ജീവനോടെയാണ് പുറത്തെടുക്കുന്നതെങ്കില്‍ ആവശ്യമായ എല്ലാ ചികിത്സയും നല്‍കണം. കുട്ടിയുടെ ഉത്തരവാദിത്വം ഹര്‍ജിക്കാരി ഏറ്റെടുക്കുന്നില്ലെങ്കില്‍ സർക്കാർ ഏറ്റെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കൂടാതെ, ഇന്റര്‍നെറ്റും സാമൂഹികമാധ്യമങ്ങളും സുരക്ഷിതമായി ഉപയോഗിക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കേണ്ടത് അനിവാര്യമാണ് എന്നും കോടതി പറഞ്ഞു. ഇക്കാര്യം ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ സുലഭമായ ലൈംഗികക്കാഴ്ചകള്‍ കുട്ടികളുടെ മനസ്സിനെ വഴിതെറ്റിക്കുകയും തെറ്റായ ധാരണകള്‍ നല്‍കുകയുമാണ്. സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനം പരാജയപ്പെട്ടത് സിംഗിള്‍ ബെഞ്ച് നേരത്തേ ചൂണ്ടിക്കാട്ടിയതും ഉത്തരവില്‍ പരാമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button