ജീവിത തിരക്കിനിടയിൽ മിക്കവരും ഉറക്കത്തിനു പ്രാധാന്യം നൽകാറില്ല തന്മൂലം കർമ്മോൽസുകാരായി കഴിയേണ്ട പകൽസമയം മുഴുവൻ ക്ഷീണത്തിലേക്കു വഴിമാറും. ചിട്ടയായ ജീവിതത്തിലൂടെ മാത്രമേ ആരോഗ്യമുള്ള മനസ്സും ശരീരവും സ്വന്തമാക്കാൻ സാധിക്കുകയുള്ളു.
പ്രഭാതശീലങ്ങളെന്ന പോലെ ഉറങ്ങാൻ പോവുന്ന സമയത്തും ചിട്ടകൾ ശീലിക്കുന്നത് ഉത്തമമാണ്, കാരണം സുഖനിദ്രയിലൂടെ മാനസിക ഉണർവ് ലഭിക്കുമത്രേ. രാത്രി നന്നായി ഉറങ്ങിയാൽ തന്നെ പിറ്റേന്ന് കാര്യങ്ങൾ ഊർജസ്വലമായി ചെയ്യാൻ സാധിക്കും.
ഉറങ്ങുന്നതിനു കൃത്യസമയം ചിട്ടപ്പെടുത്തുക. കഴിവതും അത്താഴം നേരത്തെയാക്കുക. കിടക്കുന്നതിനു മുന്നേ ദന്തശുദ്ധി വരുത്തി കാലും കൈയും കഴുകി വന്ന് കിടക്കയിലിരുന്നു ‘ശിവക്ഷമാപണ സ്തോത്രം’ ജപിക്കണം. പകൽനേരത്ത് അറിഞ്ഞും അറിയാതെയും ചെയ്തു പോയ തെറ്റുകൾ ഭഗവാനോട് ഏറ്റു പറഞ്ഞു ക്ഷമചോദിക്കുന്നതായാണ് സങ്കൽപ്പം
‘ഓം കരചരണകൃതം വാ കായജം കർമജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സര്‍വമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ’
അർഥം – കൈകാലുകളാലും ബലം, കർമം എന്നിവയാലും കണ്ടതും കേട്ടതിനാലും മനസ്സാലും വാക്കാലും ഹിതവും അഹിതവുമായ എല്ലാ അപരാധങ്ങളും ക്ഷമിച്ചാലും ഭഗവാനേ ശ്രീ മഹാദേവ ശംഭോ…
ഈ മന്ത്രം നിത്യവും ഉറങ്ങുന്നതിനു മുൻപായി ഒരു തവണ അർഥമറിഞ്ഞു ജപിച്ചാൽ മനസ്സ് ശാന്തമാക്കുകയും സുഖമായ ഉറക്കം ലഭിക്കുകയും ചെയ്യും. ക്രമേണ മനസ്സിന്റെ ശക്തിയും ചൈതന്യവും വർധിച്ച് പുതിയ ഊർജസ്വലമായ ആശയങ്ങളും വിചാരങ്ങളും മനസ്സിൽ ഉടലെടുക്കും.
തുടർന്ന് ഉറക്കം വരുന്നത് വരെ ‘തന്മേ മനഃ ശിവസങ്കല്പമസ്തു’ എന്ന് ജപിച്ചുകൊണ്ടേ ഇരിക്കുക.
Post Your Comments