എന്ത് കാര്യവും തുടങ്ങും മുൻപേ ഗണപതി ഹോമം നടത്തുക എന്നത് പണ്ടുമുതലേയുള്ള ഒരു ആചാരമാണ്. സകല വിഘ്നങ്ങളും തീർത്ത് കാര്യങ്ങൾ മുന്നോട്ട് പോകാനാണ് വിഘ്നേശ്വരനെ പൂജിക്കുന്നത്. ദുരിതങ്ങളും ദോഷങ്ങളും മാറി ഐശ്വര്യം വർധിക്കാൻ കർക്കടക മാസത്തിൽ വീടുകളിലും ക്ഷേത്രങ്ങളിലും ഭഗവതി സേവയും ഗണപതി ഹോമവും നടത്തുന്നത് ഉത്തമമാണ്. മാസത്തിലെ ഏതെങ്കിലും ഒരു ദിനം രാവിലെ ഗണപതി ഹോമവും വൈകിട്ട് ഭഗവതി സേവയും നടത്തുക വഴി കുടുംബത്തിലെ സകല വിഘ്നങ്ങളും മാറി ഐശ്വര്യം വിളയാടും.
വലിയ ചിട്ടവട്ടങ്ങളോ മന്ത്ര തന്ത്രങ്ങളോ ആവശ്യമില്ലാത്ത ഹോമമാണ് ഗണപതി ഹോമം. പല ബ്രാഹ്മണ ഗൃഹങ്ങളിലും ഗണപതി ഹോമം ചെയ്താണ് ഒരോ ദിവസവും ആരംഭിച്ചിരുന്നത്. രാവിലെ കുളിച്ച് വന്ന് ശുദ്ധവും വൃത്തിയുമുള്ള അടുപ്പിൽ ശർക്കരയും നെയ്യും നാളികേരവും ഗണപതിക്കായി സമർപ്പിക്കുന്നതാണ് ലളിതമായ ഗണപതി ഹോമത്തിന്റെ ചടങ്ങ്. മഹാഗണപതി മന്ത്രമാണ് ഗണപതി ഹോമത്തിലെ മന്ത്രം.
പുര വാസ്തുബലി തുടങ്ങിയ വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഗണപതി ഹോമം പ്രധാനമാണ്. വീട്ടിലും ക്ഷേത്രങ്ങളിലും ഗണപതി ഹോമം നടത്തുക പതിവുണ്ട്. എട്ട് നാളികേരം കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടത്താം. കൊട്ടത്തേങ്ങയാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍, എള്ള്, ഗണപതിനാരങ്ങ എന്നിവയാണ് അഷ്ട ദ്രവ്യങ്ങള്‍. തേങ്ങയുടെ എണ്ണം കൂട്ടി ഹോമം വലിയ രീതിയിലും ചെയ്യാം.
ഭഗവതിസേവ നടത്തുന്നവർക്ക് ഒരു വര്‍ഷം മുഴുവനും ദേവീ കടാക്ഷവും ധനവും ഐശ്വര്യങ്ങളും സിദ്ധിക്കും. സര്‍വവിഘ്ന നിവാരണവും ഉദ്ദിഷ്ട കാര്യസാഫല്യവും ഉണ്ടാകും എന്നാണ് വിശ്വാസം. പത്മമിട്ട് വിളക്ക് വച്ച് ദേവീ ചൈതന്യം ആവാഹിച്ച് പഞ്ചോപചാര പൂജ ചെയ്ത് നിവേദ്യം അര്‍പ്പിച്ച് ദുർഗ്ഗാമന്ത്രം, ത്രിപുര സുന്ദരീമന്ത്രം, ദേവീസൂക്തം, ദേവീമാഹാത്മ്യത്തിലെ പതിനൊന്നാം അദ്ധ്യായത്തിലെ മന്ത്രങ്ങൾ എന്നിവ ഉപയോഗിച്ച് ദേവിയെ പൂജിച്ച ശേഷം, ലളിതാ സഹസ്രനാമം ജപിച്ച് അർച്ചന ചെയ്ത് പൂജ അവസാനിപ്പിക്കുന്ന താന്ത്രിക പ്രധാനമായ പൂജയാണ് ഭഗവതിസേവ. സേവ നടത്തുന്ന നേരത്ത് കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കണമെന്നതും നിർബന്ധമാണ്.
Post Your Comments