തിരുവനന്തപുരം: അപൂർവ രോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച് ചികിത്സ തേടുന്ന കുട്ടികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്പൈനൽ മസ്‌കുലർ അട്രോഫി അസുഖത്തിന് നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏക മരുന്നാണ് റസ്ഡിപ്ലാം (Risdiplam). ക്രൗഡ് ഫണ്ടിംഗ് മുഖേന മരുന്നുകളും സർക്കാർ ഫണ്ട് മുഖേന ചികിത്സയ്ക്ക് വേണ്ട സൗകര്യങ്ങളും ഒരുക്കിയിരുന്നു.
21 കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ മരുന്ന് നൽകാൻ തീരുമാനിച്ചത്. രണ്ട് കുട്ടികൾക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ മരുന്ന് നൽകിയിരുന്നു. 12 കുട്ടികൾക്ക് അവരുടെ സൗകര്യം അനുസരിച്ച് കോഴിക്കോട് വച്ച് മരുന്ന് നൽകാൻ തീരുമാനിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തിയാണ് കുട്ടികൾക്ക് മരുന്ന് നൽകിയത്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടർന്ന്, ഇന്ത്യയിൽ ആദ്യമായിട്ടാണ് അപൂർവ രോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി അസുഖത്തിന് ഇത്തരത്തിൽ സർക്കാർ തലത്തിൽ മരുന്ന് നൽകുന്നത്.
അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കായി സർക്കാർ പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി ആദ്യമായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. അതിന് പിന്നാലെയാണ് വിലപിടിപ്പുള്ള മരുന്നുകളും നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Post Your Comments