ചെന്നൈ: പ്രമുഖ നടൻ പ്രതാപ് പോത്തൻ അന്തരിച്ചു. 70 വയസ്സായിരുന്നു അദ്ദേഹത്തിന്. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നടനും സംവിധായകനും രചയിതാവും നിർമ്മാതാവുമായിരുന്ന പ്രതാപ് പോത്തൻ മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രമുഖ നടി രാധിക ശരത് കുമാർ മുൻ ഭാര്യ ആയിരുന്നു. 1952ൽ തിരുവനന്തപുരത്തെ ഒരു വ്യവസായ കുടുംബത്തിലാണ് പ്രതാപ് പോത്തന്റെ ജനനം.
മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സംവിധാനം ചെയ്തിട്ടുണ്ട്.
മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം സിവപ്പ് എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി.
Post Your Comments