പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ തട്ടിക്കൊണ്ടുപോയതായി പരാതി. പത്തനംതിട്ട ആങ്ങമൂഴിയിലാണ് സംഭവം. വീട്ടുകാരുടെ പരാതിയിൽ ബസ് ഡ്രൈവർക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട – ആങ്ങമൂഴി റൂട്ടിലോടുന്ന ബസിലെ ഡ്രൈവറായ റാന്നി സ്വദേശിക്കെതിരെയാണ് പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയത്. പെൺകുട്ടി എന്നും ഈ ബസിലാണ് സ്കൂളിലേക്ക് പോകാറ്. ഇന്ന് രാവിലെയും ഈ ബസിലാണ് പെൺകുട്ടി സ്കൂളിലേക്ക് പോയത്. സ്കൂളിലെത്തിയില്ലെന്ന് അദ്ധ്യാപകർ വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ മൂഴിയാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം, പെൺകുട്ടിയും ഡ്രൈവറും ഉള്ള സ്ഥലം കണ്ടെത്തിയതായി സൂചനയുണ്ട്. നേരത്തെ പെൺകുട്ടിയും ഡ്രൈവറും തമ്മിൽ പരിചയമുണ്ടെന്നാണ് സമീപവാസികൾ പറയുന്നത്. ഡ്രൈവർക്കെതിരെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ, ഇയാൾ ഇന്നേദിവസം വീട്ടിലും ബസിലും എത്തിയിരുന്നില്ല. തുടർന്നാണ് പെൺകുട്ടിയുമായി ഇയാൾ നാടുവിട്ടതാണെന്ന സൂചന പോലീസിന് ലഭിച്ചത്.
Post Your Comments