തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ ദൂതനെന്ന് ആരോപിക്കപ്പെടുന്ന ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അടുത്ത ബുധനാഴ്ചയാണ് മൊഴി രേഖപ്പെടുത്തുന്നത്. ഷാജിന്റെ സുഹൃത്ത് കെ.ഇബ്രായിയുടെ രഹസ്യമൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗൂഢാലോചന കേസില്‍ ഷാജ് കിരണിനെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ഷാജ് കിരണ്‍ ഇടനിലക്കാരനായി ഇടപെട്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നത്. എന്നാല്‍ ഗൂഢാലോചനയില്‍ പങ്കില്ലെന്ന് ഷാജ് കിരണ്‍ അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു.
Read Also: ബലിപെരുന്നാൾ: 194 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി
അതേസമയം, സ്വപ്നയുടെയും ഷാജിന്റെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഫോണ്‍ റെക്കോര്‍ഡുകളും, ശബ്ദരേഖകളും വീണ്ടെടുക്കാന്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. സ്വപ്ന സുരേഷിനെയും ഷാജ് കിരണിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇന്നലെ ഷാജിന്റെ സുഹൃത്ത് കെ. ഇബ്രായിയുടെ മൊഴി കോടതി രേഖപ്പെടുത്തി. സ്വപ്ന പുറത്തുവിട്ട ശബ്ദ രേഖയില്‍ ഇബ്രായിയുടെ സാന്നിധ്യമുണ്ടായിരുന്നു.
Post Your Comments