കൊൽക്കത്ത: ബ്ലോഗർ അനന്ത വിജയ് ദാസിന്റെ കൊലപാതകിയെ പിടികൂടി പോലീസ്. 2015 ന് ബംഗ്ലാദേശിൽ നിന്നും അനധികൃതമായി ഇന്ത്യയിൽ കടന്നുകൂടി വ്യാജ ഐ.ഡി കാർഡുണ്ടാക്കി താമസിക്കുകയായിരുന്ന ഫൈസൽ അഹമ്മദിനെയാണ് പോലീസ് പിടികൂടിയത്. ഇയാൾ 2015 മുതൽ പോലീസിന്റെ പിടിയിലാകാതെ ഒളിച്ച് താമസിക്കുകയായിരുന്നു. ബെംഗളൂരുവിലെ ബൊമ്മൻഹള്ളി മേഖലയിൽ നിന്നാണ് ഫൈസലിനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടർന്ന് ജൂലൈ 3 ന് ഇയാളെ കൊൽക്കത്തയിലേക്ക് കൊണ്ടുപോയി.
രാജ്യത്തെ ഇയാളുടെ സമൂലമായ പ്രവർത്തനങ്ങളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. ഫൈസലിനെ ഇനി ബംഗ്ലാദേശ് പോലീസിന് കൈമാറും. ഫൈസൽ ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് അധികാരികൾക്ക് വിവരം ലഭിച്ചതായി ബംഗ്ലാദേശ് തീവ്രവാദ വിരുദ്ധ യൂണിറ്റ് (എടിയു) ഡിഐജി മോനിറുസ്സമാൻ സമ്മതിച്ചു. ഫൈസലിനെ സ്വീകരിക്കുന്നതിന് മുൻപ് അയാളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് ആവശ്യമായ രേഖകൾ ഇന്ത്യൻ നിയമപാലകർക്ക് നൽകിയിതായി ഡിഐജി മോനിറുസ്സമാൻ വ്യക്തമാക്കി.
പോലീസിന്റെ കണ്ണിൽ പൊടിയിട്ട് ഫൈസൽ ഇന്ത്യയിൽ ഒളിച്ച് താമസിച്ചത് 7 വർഷം
വ്യാജ രേഖയുണ്ടാക്കി ഫൈസൽ കഴിഞ്ഞ 7 വർഷമായി ഇന്ത്യയിൽ താമസിച്ച് വരികയായിരുന്നു. ബംഗ്ലാദേശ് അധികൃതർ ഫൈസലിന്റെ മൊബൈൽ നമ്പർ കൊൽക്കത്ത പോലീസിന് നൽകിയിരുന്നു. കോൾ രേഖകൾ ഉപയോഗിച്ച് ഇയാൾ ബംഗളൂരുവിൽ താമസിക്കുന്നുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
ഒരു കാലത്ത് മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന ഫൈസൽ മദ്രസകളിൽ പഠിപ്പിക്കാനെന്ന വ്യാജേന ജിഹാദിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിലായിരുന്നു. ഇസ്ലാമിസ്റ്റ് ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള അൻസറുല്ല ബംഗ്ലാ ടീമുമായും (എബിടി) ഇയാൾക്ക് ബന്ധമുണ്ട്.
ചോദ്യം ചെയ്യലിൽ, അസമിലെ ബരാക് താഴ്‌വരയിൽ അൽ-ഖ്വയ്ദ മൊഡ്യൂൾ സംഘടിപ്പിക്കുന്നതിന് ചുക്കാൻ പിടിച്ചത് ഇയാളാണെന്ന് മനസ്സിലായി. 2015ൽ ബംഗ്ലാദേശിൽ നിന്ന് സിൽച്ചാറിലേക്ക് രക്ഷപ്പെട്ടതായും ഷാഹിദ് മജുംദാർ എന്ന പേരിൽ വ്യാജ വോട്ടർ ഐഡി കാർഡ് ഉണ്ടാക്കിയതായും ഇയാൾ സമ്മതിച്ചു. പാസ്‌പോർട്ടും സ്വന്തമാക്കി. ബെംഗളൂരുവിൽ നിന്ന് ഡ്രൈവിംഗ് ലൈസൻസ് വ്യാജമായി ഉണ്ടാക്കി. ഈ കുറ്റങ്ങളെല്ലാം ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. എന്നാൽ, ബ്ലോഗർ അനന്ത വിജയ് ദാസിന്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നാണ് പ്രതി ആവർത്തിച്ച് പറയുന്നത്.
ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ഫൈസൽ അഹമ്മദിനെ ഉടൻ തന്നെ ബംഗ്ലാദേശിലേക്ക് കൈമാറുമെന്ന് തീവ്രവാദ വിരുദ്ധ യൂണിറ്റ് സ്പെഷ്യൽ സൂപ്രണ്ട് അസ്ലം ഖാൻ പറഞ്ഞു.
കേസിനാസ്പദമായ സംഭവം
ബംഗ്ലാദേശിലെ സിൽഹറ്റ് ജില്ലയിലെ സുബിദ്ബസാറിൽ ബ്ലോഗർ അനന്ത വിജയ് ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളാണ് ഫൈസൽ ഖാൻ. മതഭ്രാന്തിനെതിരെ കടുത്ത ഭാഷയിൽ നിരന്തരം വിമർശനമുന്നയിച്ചിരുന്ന ദാസിന് ഇസ്ലാമിക തീവ്രവാദികളിൽ നിന്ന് നിരവധി വധഭീഷണികൾ ഉണ്ടായിരുന്നു.
അദ്ദേഹം ഒരു ബാങ്കറും ബംഗ്ലാദേശിന്റെ കൗൺസിൽ ഫോർ സയൻസ് ആൻഡ് റാഷണലിസത്തിന്റെ ജനറൽ സെക്രട്ടറിയുമായിരുന്നു. ‘ജുക്തി (ലോജിക്)’ എന്ന മാസികയുടെ എഡിറ്ററായിരുന്നു. 2015 മെയ് 12-ൽ ഇദ്ദേഹത്തെ ഇസ്ലാമിസ്റ്റുകൾ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കേസിൽ നിരവധി പേർ അറസ്റ്റിലായിരുന്നു. ഈ വർഷം മാർച്ചിൽ അനന്ത് വിജയ് ദാസിനെ കൊലപ്പെടുത്തിയ കേസിൽ 4 പേർക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചിരുന്നു. അബുൽ ഖയർ റാഷിദ് അഹമ്മദ് (25), അബുൽ ഹുസൈൻ (25), മാമുനൂർ റഷീദ് (25), ഫൈസൽ അഹമ്മദ് (27) എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്.
പ്രതികളിൽ രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്. ഈ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ നൽകിയില്ലെങ്കിൽ മറ്റ് തീവ്രവാദികളെയും തീവ്രവാദ ചിന്താഗതിക്കാരെയും ഇത്തരം കൊലപാതകങ്ങൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുമെന്ന് ജസ്റ്റിസ് നൂറുൽ അമിൻ ബിപ്ലബ് വിധി പ്രസ്താവിക്കവെ പറഞ്ഞു. കൊലയുടെ ക്രൂരതയിലൂടെയും ഭീകരതയിലൂടെയും സമൂഹത്തിൽ നിലനിൽക്കുന്ന ലിബറലിസം, പുരോഗമനവാദം, ശാസ്ത്രം, മുൻവിധി എന്നിവയെക്കുറിച്ച് എഴുതുകയോ സംസാരിക്കുകയോ ചെയ്യുന്ന എഴുത്തുകാർക്കിടയിൽ ഭയവും ആശങ്കയും പരത്തുക എന്നതായിരുന്നു കൊലപാതകത്തിന്റെ പ്രധാന ലക്ഷ്യമെന്നും വിധി പ്രസ്താവിക്കവേ അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments