KeralaLatest News

ട്യൂഷൻ അധ്യാപകന്റെ പോക്സോ കേസിൽ ഇടപെട്ട് കാശ് വെട്ടിച്ച സിപിഎം നേതാക്കളെ സസ്പെൻ്റ് ചെയ്തു

പാലക്കാട്: പോക്സോ കേസ് ഒഴിവാക്കാൻ പോലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് പാലക്കാട് സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ നടപടി. ട്യൂഷൻ സെന്ററിലെ അധ്യാപകനെതിരായ പോക്സോ കേസ് ഒഴിവാക്കുന്നതിന് പാർട്ടിയെ അറിയിക്കാതെ പോലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നതാണ് തരൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി. വാസു, എസ്. രാജേഷ് എന്നിവർക്കെതിരായ പരാതി.

ഇവരെ ഒരു വർഷത്തേയ്ക്ക് പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻ്റ് ചെയ്തു. പ്രതിയിൽ നിന്നും വൻതുക കൈപ്പറ്റി ഇരയ്ക്ക് തുച്ഛമായ തുക നൽകി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. ഏരിയ കമ്മിറ്റി അംഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടിയെന്ന് സി.പി.എം. ആലത്തൂർ ഏരിയാ സെക്രട്ടറി പറഞ്ഞു.

അതേസമയം, കാട്ടുശ്ശേരി ലോക്കൽ കമ്മിറ്റി അംഗം കെ. മാണിക്കനെതിരെയും മറ്റൊരു സംഭവത്തിൽ, സിപിഎം നടപടിയെടുത്തു. ചുമട്ടുതൊഴിലാളി യൂണിയനിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിന് പണം ആവശ്യപ്പെട്ടെന്ന പരാതിയിലാണ് മാണിക്കനെ സസ്പെന്റ് ചെയ്തത്. കാട്ടുശ്ശേരി ലോക്കൽ കമ്മിറ്റി അംഗം കെ. മാണിക്കൻ സിഐടിയു ആലത്തൂർ ഡിവിഷൻ സെക്രട്ടറിയും, ചുമട്ടുതൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറിയുമാണ്. എന്നാൽ ആലത്തൂർ മേഖലയിലെ വിഭാഗീയതയാണ് നടപടികൾക്ക് കാരണമായതെന്ന ആരോപണവും ശക്തമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button