തിരുവനന്തപുരം: രാജിവച്ചത് സ്വതന്ത്രമായ തീരുമാനമെന്നു സജി ചെറിയാൻ. ഭരണഘടനയോട് അങ്ങേയറ്റം കൂറുപുലര്‍ത്തി. ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല. തനിക്കെതിരെ ദുഷ്പ്രചരണം നടന്നു. തെറ്റിദ്ധരിച്ചുള്ള പ്രചാരണം വേദനിപ്പിച്ചു. മന്ത്രിസഭയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമമുണ്ടായി. പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തി മാറ്റി. തന്റെ പ്രസംഗം പറഞ്ഞത് ഭരണഘടന നേരിടുന്ന വെല്ലുവിളിയെ കുറിച്ചായിരുന്നു. എന്നാൽ, വാർത്തകൾ വരുന്നത് ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയെന്ന പേരിലുമാണെന്ന് സജി ചെറിയാൻ പറഞ്ഞു. താൻ എടുത്തിരിക്കുന്നത് സ്വതന്ത്രമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ വിവാദത്തിലായ മന്ത്രി സജി ചെറിയാൻ രാജി വച്ചതിന് പിന്നാലെയാണ് പ്രതികരണം. വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. അതേസമയം, സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താൻ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുത്തു. മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതു സര്‍ക്കാരിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിൻ്റേയും കൂടി അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടായത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സജി ചെറിയാനോട് മാധ്യമങ്ങളെ കണ്ട് രാജിപ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടു എന്നാണ് വിവരം. മന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്നത്. മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നും അനാവശ്യ വിവാദത്തിലൂടെ സംസ്ഥാന സർക്കാരിനെയടക്കം പ്രതിസന്ധിയിലാക്കിയെന്നും യോഗത്തിൽ വിമർശനം ഉയർന്നു. വിഷയം ചർച്ച ചെയ്യാൻ എകെജി സെന്ററിൽ ചേർന്ന സിപിഎം അവെയ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് ആദ്യം മന്ത്രി എത്തിയിരുന്നില്ല.
പിന്നീട് യോഗത്തിലേക്ക് വിളിപ്പിച്ചതോടെ, വി.എൻ. വാസവന് ഒപ്പം സജി ചെറിയാൻ എത്തി. യോഗം തുടങ്ങുമ്പോൾ സെക്രട്ടേറിയറ്റിലെ ഓഫീസിലായിരുന്നു അദ്ദേഹം. സംഭവിച്ചത് നാക്ക്പിഴയെന്ന് യോഗത്തിൽ സജി ചെറിയാൻ വിശദീകരിച്ചു. വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെയാണ്. ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നും സജി ചെറിയാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് മുമ്പാകെ വ്യക്തമാക്കി. എന്നാൽ യോഗം രാജി ആവശ്യപ്പെടുകയായിരുന്നു.
Post Your Comments