KeralaLatest NewsIndia

സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് സഭക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം: മന്ത്രിയെ കൈവിട്ട് സിപിഐ

തിരുവനന്തപുരം: ഭരണഘടനക്കെതിരെ രൂക്ഷമായ വിമർശനമുയർത്തിയ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും ബിജെപിയും ശക്തമായി രംഗത്ത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ അരങ്ങേറിയ പ്രതിഷേധങ്ങൾ ഇന്നും തുടരുമെന്നാണ് റിപ്പോർട്ട്. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണറെ കണ്ടിരുന്നു. വിഷയത്തിൽ ഗവർണർ പ്രതികരിക്കുകയും ചെയ്തു. മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗവർണർ പ്രതികരിച്ചു.

ഭരണഘടനയെ സാക്ഷി നിർത്തിയാണ് മന്ത്രി അധികാരത്തിലേറിയതെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലും പ്രതിപക്ഷം ഇന്ന് പ്രതിഷേധം ശക്തമാക്കും. നിരവധി രാഷ്ട്രീയ പാർട്ടികളാണ് സജി ചെറിയാനെതിരെ പരാതി നൽകിയിരിക്കുന്നത്. ഭരണ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ ആകട്ടെ മന്ത്രിയെ അനികൂലിക്കാൻ തയ്യാറാകുന്നുമില്ല. ഭരണ ഘടനയെ അല്ല ഭരണകൂടത്തെ ആണ് വിമർശിച്ചത് എന്ന മന്ത്രിയുടെ വിശദീകരണത്തോടെ രാജി ആവശ്യം സിപി എം തള്ളിയിരുന്നു.

എന്നാൽ, വിശദീകരണത്തിലും മന്ത്രി വിവാദ പ്രസംഗത്തിലെ നിലപാട് ആവർത്തിച്ചു എന്നാണ് പ്രതിപക്ഷ വിമർശനം. മുഖ്യമന്ത്രി സജിയെ പിന്തുണച്ചാൽ രാജ്ഭവന്റെ അടുത്ത നീക്കവും പ്രധാനമാണ്. രാജി ആവശ്യം തള്ളുമ്പോഴും ആരെങ്കിലും പരാതി നൽകിയാൽ കോടതി സ്വീകരിക്കുന്ന നിലപാടിൽ സർക്കാരിന് ആശങ്ക ഉണ്ടാകും.

അതേസമയം, ഭരണഘടനക്കെതിരായായിരുന്നു മന്ത്രി സജി ചെറിയാന്റെ വിമർശനം. ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയെന്നാണ് വിമർശനം. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതി വച്ചു. കൂട്ടത്തിൽ മതേതരത്വം, ജനാധിപത്യം തുടങ്ങിയ കുന്തവും കുടച്ചക്രവുമെക്കെ എഴുതി വച്ചു. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മല്ലപ്പള്ളിയിൽ ഞായറാഴ്ച സി പി എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button