ലഖ്‌നൗ: ഗ്യാൻവാപി മസ്ജിദിൽ അവകാശവാദം ഉന്നയിച്ച് ഒരു വിഭാഗം നൽകിയ ഹർജിയും അനുബന്ധ വിഷയങ്ങളും പരിഗണിച്ച് ഇന്ന് വിചാരണ പുനരാരംഭിക്കും. കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി സിവിൽ കോടതിയിലുണ്ടായിരുന്ന രേഖകൾ വാരണാസി ജില്ലാ കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് സിവിൽ കോടതിയിൽ നിന്ന് കേസ് ജില്ലാ കോടതിയിലേക്ക് മാറ്റിയത്.
മസ്ജിദിൽ പ്രാർത്ഥനക്ക് അനുവാദം തേടി ഹിന്ദു സ്ത്രീകൾ നൽകിയ അപേക്ഷ കേൾക്കാൻ കോടതിക്ക് അധികാരമുണ്ടായിരുന്നോ എന്ന വിഷയമാകും ആദ്യം പരിഗണിക്കുക. 1991 ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം കോടതിക്ക് കേസ് കേൾക്കാൻ അധികാരമില്ലെന്നാണ് മസ്ജിദ് കമ്മിറ്റി വാദിക്കുന്നത്. ഇതിന് അനുസബന്ധമായ സർവേ റിപ്പോർട്ടും കോടതി പരിഗണിക്കും.
പള്ളി സമുച്ചയത്തിൽ ശിവലിംഗം കണ്ടെത്തിയെന്നും അതിനാൽ പതിവു പൂജ നടത്താൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരി ഡോ. കുൽപതി തിവാരി ഹർജി നൽകി. കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്നാണ് ഗ്യാൻവാപി മസ്ജിദ്.
Post Your Comments