ഇംഫാൽ: മണിപ്പൂരിൽ ടെറിട്ടോറിയൽ ആർമി ക്യാമ്പിന് സമീപം നടന്ന മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. മരണമടഞ്ഞവരിൽ 13 പട്ടാളക്കാരും ഉൾപ്പെടുന്നു. ഇതുവരെ 13 പട്ടാളക്കാരെയും 5 സാധാരണക്കാരെയും രക്ഷിക്കാൻ സാധിച്ചുവെന്ന് ദുരിതാശ്വാസ പ്രവർത്തകർ വ്യക്തമാക്കുന്നു.
ബുധനാഴ്ച രാത്രിയോടെയാണ് നോനി ജില്ലയിലെ ടുപുൽ റെയിൽവേ സ്റ്റേഷന് സമീപം കനത്ത മണ്ണിടിച്ചിൽ ഉണ്ടായത്. സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെത്തിച്ചവരിൽ 20 പേരും മരണമടഞ്ഞിരുന്നു. അവശേഷിക്കുന്നവർക്ക് വേണ്ടി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇനിയും ഏതാണ്ട് 44 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അനുമാനം.
സംഭവം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തിയ ഇന്ത്യൻ സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അതേസമയം, തോരാത്ത മഴയും ചെളിയും രക്ഷാപ്രവർത്തനം ദുസ്സഹമാക്കുകയാണ് എന്ന് ദുരിതാശ്വാസ പ്രവർത്തകർ പറയുന്നു. അപകടത്തെത്തുടർന്ന്, പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗുമായി സംസാരിച്ച് സാഹചര്യം വിലയിരുത്തി.
Post Your Comments