കൊൽക്കത്ത: പ്രവാചക നിന്ദ പരാമർശത്തെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് നൂപുർ ശർമ്മയെ പരോക്ഷമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കള്ളം പറയുന്നവർക്കെതിരെ തങ്ങൾ നടപടിയെടുക്കുമെന്നും, മതത്തെക്കുറിച്ച് കള്ളം പറയുന്ന നേതാക്കൾക്കെതിരെ ബി.ജെ.പി നടപടി സ്വീകരിക്കുന്നില്ലെന്നും മമത ആരോപിച്ചു. മതനിന്ദയും വ്യാജ പ്രചാരണവും തങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞ മമത, ബി.ജെ.പിയെ പരോക്ഷമായി വിമർശിച്ചു. അവർ അവരുടെ നേതാക്കളെ എത്ര മോശം പ്രവൃത്തി ചെയ്താലും സംരക്ഷിക്കുന്നുവെന്ന് ബി.ജെ.പിയെ ലക്ഷ്യം വെച്ചുകൊണ്ട് മമത പറഞ്ഞു.
‘കൊലപാതകികൾ, നിങ്ങൾ എന്തിനാണ് സുബറിനെ അറസ്റ്റ് ചെയ്തത്?, അവൻ എന്താണ് ചെയ്തത്?, ടീസ്റ്റ എന്താണ് ചെയ്തത്?, വൃത്തികെട്ട ആളുകളുടെ പേരുകൾ ഞാൻ പറയാൻ പോകുന്നില്ല. മതത്തെ ദുരുപയോഗം ചെയ്യുന്നവരെ നിങ്ങൾ അറസ്റ്റ് ചെയ്യുന്നില്ല, അവർക്ക് സുരക്ഷ നൽകുകയാണ് നിങ്ങൾ (ബി.ജെ.പി) ചെയ്യുന്നത്. കള്ളം പറയുന്നവർക്കെതിരെ ഞങ്ങൾ നടപടിയെടുക്കും’, മമത പറഞ്ഞു.
ചൊവ്വാഴ്ച അസൻസോളിൽ നടന്ന തൃണമൂൽ പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവെയാണ് മമത ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്. ‘ഞാൻ സോഷ്യൽ നെറ്റ്വർക്കുകൾക്ക് അനുകൂലമാണ്, ഞാൻ നന്നായി സംസാരിക്കുന്നവരുടെ പക്ഷത്താണ്, സത്യം പറയൂ, സത്യത്തിന് വേണ്ടി നിലകൊള്ളുന്ന സോഷ്യൽ മീഡിയയ്ക്ക് ഒപ്പമാണ് ഞാൻ. പക്ഷെ, ബി.ജെ.പിയുടെ സോഷ്യൽ നെറ്റ്വർക്ക് എന്നാൽ വ്യാജ വീഡിയോ കാണിക്കുക, വഞ്ചിക്കുക, നുണകൾ പ്രചരിപ്പിക്കുക എന്നതൊക്കെയാണ്. അവർക്ക് ധാരാളം പണമുണ്ട്, അതുകൊണ്ടാണ് അവർ സോഷ്യൽ മീഡിയയിലും യുട്യൂബിലും കള്ളം പറയുന്നു. കള്ളം പറയുന്ന അവളെ ഞങ്ങൾ വെറുതെ വിടില്ല’, മമത പറഞ്ഞു.
അതേസമയം, മുഹമ്മദ് നബിയെക്കുറിച്ചുള്ള നൂപുർ ശർമയുടെ പരാമർശത്തിൽ രാജ്യം മുഴുവൻ ഇളകിമറിയുകയാണ്. ദിവസങ്ങളായി സംസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നുണ്ട്. രാജ്യത്ത് പല സ്ഥലങ്ങളിലും കൊൽക്കത്തയിലെ രണ്ട് പോലീസ് സ്റ്റേഷനുകളിലും അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നർകെൽഡംഗ പോലീസ് സ്റ്റേഷന് ശേഷം ആംഹെർസ്റ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനാണ് നൂപൂർ ശർമ്മയെ വിളിപ്പിച്ചത്.
Post Your Comments