ജയ്പൂർ: ഉദയ്പൂരിൽ പ്രവാചക നിന്ദയുടെ പേരില്‍ തയ്യല്‍ക്കാരന്റെ തലവെട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള രാജസ്ഥാൻ സർക്കാരിനെ പരിഹസിച്ച് മുൻ മുഖ്യമന്ത്രിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായ വസുന്ധര രാജെ. സംസ്ഥാനത്ത് വർഗീയ കലാപത്തിന് പ്രേരണയും പ്രീണനവും നൽകുന്ന അശോക് ഗെഹ്‌ലോട്ട് സർക്കാരിന്റെ നയങ്ങൾക്കെതിരെയാണ് വസുന്ധര രാജെ രംഗത്തെത്തിയത്. സംസ്ഥാന സർക്കാരിന്റെ പ്രേരണയും പ്രീണനവും കാരണമാണ് കുറ്റവാളികളുടെ മനോവീര്യം ഉയർന്നതെന്ന്, ഉദയ്പൂരിലെ കൊലപാതകത്തോടെ,വ്യക്തമായതായി രാജെ എ.എൻ.ഐയോട് പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഈ നയം കാരണം, സംസ്ഥാനത്ത് വർഗീയ ഉന്മാദത്തിന്റെയും അക്രമത്തിന്റെയും സാഹചര്യം ഉടലെടുത്തിട്ടുണ്ടെന്നും, സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച ആളുകളെയും സംഘടനകളെയും ഉടൻ തുറന്നുകാട്ടുമെന്നും ഇവർ പറഞ്ഞു. ഉദയ്പൂരിൽ തയ്യൽക്കാരന്റെ ദാരുണമായ കൊലപാതകം സംസ്ഥാനമൊട്ടാകെ പ്രകോപനം സൃഷ്ടിച്ച സാഹചര്യത്തിലാണ് രാജെയുടെ പ്രതികരണം.
Also Read:പ്രവാചക നിന്ദയുടെ പേരിൽ നടത്തുന്ന കൊലപാതകങ്ങള്‍ ഇസ്‍ലാമിന് നിരക്കുന്നതല്ല: ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്
അടുത്ത ഒരു മാസത്തേക്ക് എല്ലാ ജില്ലകളിലും സിആർപിസിയുടെ സെക്ഷൻ 144 ചുമത്തുമെന്ന് രാജസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ എല്ലാ ജില്ലകളിലും പോലീസ് കനത്ത ജാഗ്രതയിലാണ്. സംഭവത്തില്‍ അന്വേഷണത്തിന്റെ ചുമതല എന്‍.ഐ.എയ്ക്ക് ആണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം എന്‍.ഐ.യുടെ നാലംഗ സംഘം ഉദയ്പൂരിലെത്തി. എന്നാൽ, സംഭവത്തിന് പിന്നില്‍, ജിഹാദി ഗ്രൂപ്പുകളുടെ ഗൂഢാലോചനയുണ്ടെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉദയ്പൂരിലെ മാൽദാസ് മേഖലയിലാണ് സംഭവം. ബി.ജെ.പി ദേശീയ വക്താവായ നുപൂര്‍ ശര്‍മ്മയുടെ പ്രവാചകനെതിരായ പരാമര്‍ശത്തെ പിന്തുണച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് തയ്യല്‍ ജോലിക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയത്. കേസില്‍ ഉദയ്പൂര്‍ സ്വദേശികളായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അന്‍സാരി എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. കനയ്യ ലാലിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read:അഗ്നിപഥ്, തൊഴിലില്ലായ്‌മ: രാജ്യതലസ്ഥാനത്ത് എ എ റഹീമിന്റെ നേതൃത്വത്തിൽ പ്രതിഷേധം
കുറ്റകൃത്യം ചെയ്ത ശേഷം, പ്രതികൾ തലവെട്ടിയതിനെക്കുറിച്ച് വീമ്പിളക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കകം രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. അക്രമികളിൽ ഒരാളായ റിയാസ് അക്തർ മൂർച്ചയുള്ള ആയുധം കൊണ്ട് കനയ്യ ലാലിനെ ആക്രമിക്കുകയും, മറ്റൊരാൾ ഘോസ് മുഹമ്മദ് കുറ്റകൃത്യം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തതായി പോലീസ് എ.എൻ.ഐയോട് പറഞ്ഞു.
‘ഉദയ്പൂരിലെ ക്രൂരമായ കൊലപാതകത്തില്‍ ഞാന്‍ അപലപിക്കുന്നു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കും, സമാധാനം പാലിക്കാന്‍ എല്ലാ കക്ഷികളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രതികള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കും’- അശോക് ഗെഹലോട്ട് പറഞ്ഞു.
മുഹമ്മദ് നബിക്കെതിരെ വിവാദ പരാമർശം നടത്തിയ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് ഇരയായ തയ്യൽക്കാരൻ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായാണ് പ്രതികൾ തയ്യൽക്കാരൻ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
Post Your Comments