Latest NewsKeralaIndia

പ്രവാസിയുടെ കൊലപാതകം: തലകീഴായി മരത്തിൽ കെട്ടിയിട്ട് ക്രൂര മർദ്ദനം, സിദ്ദിഖിന്റെ പേശികൾ ചതഞ്ഞ് വെള്ളംപോലെയായി

കുമ്പള: ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിൽ കൊല്ലപ്പെട്ട സീതാംഗോളി മുഗുറോഡിലെ അബൂബക്കർ സിദ്ദിഖിന്റെ ശരീരത്തിലെ പേശികൾ അടികൊണ്ട് ചതഞ്ഞ് വെള്ളംപോലെയായിരുന്നതായി മൃതദേഹ പരിശോധനാ റിപ്പോർട്ട്. കുറഞ്ഞത് 5000 തവണയെങ്കിലും അടിയേറ്റാൽ മാത്രമേ ശരീരം ഇത്തരത്തിലാവുകയുള്ളൂവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കാൽവെള്ളയിലും പിൻഭാഗത്തുമായിരുന്നു അടികളെല്ലാം. അതിനിടയിൽ തലയിലേറ്റ കനത്ത ആഘാതമാണ് സിദ്ദിഖിന്റെ മരണത്തിനിടയാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.

രണ്ട് മഞ്ചേശ്വരം സ്വദേശികളുടെ 40 ലക്ഷം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. ഡോളർ കടത്താണെന്നും പൊലീസിന് സംശയമുണ്ട്. പണം തിരിച്ചുപിടിക്കാൻ അവർ പൈവളിഗെയിൽനിന്നുള്ള ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടുകയായിരുന്നെന്നും പോലീസ് കണക്കുകൂട്ടുന്നു.

അതേസമയം, തടങ്കലിൽനിന്ന് രക്ഷപ്പെട്ട അബൂബക്കർ സിദ്ദിഖിന്റെ സഹോദരൻ അൻവറിനും സുഹൃത്ത് അൻസാരിക്കും അനുഭവിക്കേണ്ടിവന്നതും കൊടും മർദ്ദനം.  തലകീഴായി മരത്തിൽ കെട്ടിയിട്ട് തന്നെ മർദ്ദിക്കുകയായിരുന്നെന്ന് കുമ്പള സഹകരണ ആശുപത്രിയിൽ കഴിയുന്ന മുഗു സ്വദേശി അൻസാരി പറഞ്ഞു. വെള്ളിയാഴ്ചയാണ് അൻവറിനൊപ്പം അൻസാരി ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിലായത്. പൈവളിഗെയിലെ വീടിന്റെ ഒന്നാം നിലയിൽവെച്ചും ബോളംകളയിലെ കാട്ടിൽവെച്ചും തന്നെ സംഘം മർദ്ദിച്ചതായും അദ്ദേഹം പറഞ്ഞു.

പണം എന്താക്കിയെന്ന് ചോദിച്ചായിരുന്നു ഓരോ അടിയും. പാതി ബോധം പോയപ്പോഴാണ് മർദ്ദനം നിർത്തിയത്. പിന്നീടാണ് സംഘം അൻവറിനുനേരേ തിരിഞ്ഞത്. പണം ചോദിച്ച് അദ്ദേഹത്തിനും പൊതിരെ തല്ലി. അതിനിടയിൽ സംഘത്തിന്റെ നിർദ്ദേശമനുസരിച്ച് വീട്ടിലേക്ക് ഫോൺ വിളിച്ച് സുരക്ഷിതരായി ഒരിടത്തുണ്ടെന്ന് പറഞ്ഞു. സിദ്ദിഖിനെ വിളിച്ച് നാട്ടിലെത്താനും ആവശ്യപ്പെട്ടു. നാട്ടിലെത്തിയ സിദ്ദിഖിനെ ഞായറാഴ്ച ഉച്ചയ്ക്ക് ബോളംകളയിലെ കുന്നിൻപുറത്ത് മരത്തിൽ കെട്ടി ഒരുസംഘം മർദ്ദിച്ചു.

രാത്രിയായതോടെ പണത്തിന്റെ കാര്യത്തിൽ തീരുമാനമായെന്ന് പറഞ്ഞ് തന്നെയും അൻസാരിയെയും ഒരു വാഹനത്തിൽ കയറ്റി പൈവളിഗെയിൽ ഇറക്കിവിടുകയായിരുന്നെന്ന് അൻവർ പറഞ്ഞു. 1500 രൂപയും സംഘം നൽകി. അവിടെനിന്ന് ഓട്ടോയിൽ ബന്തിയോട് എത്തിയപ്പോഴാണ് സിദ്ദിഖ് കൊല്ലപ്പെട്ട വിവരമറിഞ്ഞതെന്നും പൊട്ടിക്കരച്ചിലിനിടെ അൻവർ പറഞ്ഞു.

 

shortlink

Post Your Comments


Back to top button