തിരുവനന്തപുരം: അദാനി ഗ്രൂപ്പ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുത്തതോടെ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. നാലുവര്‍ഷമായി പൂട്ടിക്കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് ഉദ്ഘാടനത്തിന് സജ്ജമായി. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ളെമിംഗ്ഗോയും അദാനിയുമായി ചേര്‍ന്നുണ്ടാക്കിയ സംയുക്ത കമ്പനിയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവര്‍ത്തിപ്പിക്കുക. ഇറക്കുമതി ചെയ്ത സാധനങ്ങള്‍ മുംബൈയില്‍ നിന്ന് എത്തിച്ചിട്ടുണ്ട്.
അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളിലായി 2500 ചതുരശ്ര അടി വിസ്തൃതിയില്‍ മൂന്ന് ഷോപ്പുകളാണ് തുറക്കുന്നത്. 99 ശതമാനം ജോലികളും പൂര്‍ത്തിയായെന്നും ഈ മാസം തന്നെ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കുമെന്നും അദാനിഗ്രൂപ്പ് അറിയിച്ചു.
എമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകള്‍ക്കിടയിലാണ് പുതിയ ഷോപ്പ്. 2018ല്‍ മദ്യക്കടത്ത് കേസില്‍ കുടുങ്ങിയ പ്ലസ് മാക്‌സ് നടത്തിയിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് സീല്‍ ചെയ്തിരിക്കുകയാണ്. മദ്യക്കടത്തില്‍ കസ്റ്റംസ്, സി.ബി.ഐ എന്നിവ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഇതുവരെ തീര്‍ന്നിട്ടില്ല.
13,000 യാത്രക്കാരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ദുരുപയോഗിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ ആറുകോടി രൂപയുടെ മദ്യക്കടത്ത് നടത്തിയതിന് സി.ബി.ഐ കേസെടുത്തതിനെ തുടര്‍ന്നാണ് പ്ലസ് മാക്‌സ് നടത്തിയിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പിന് താഴുവീണത്.
Post Your Comments