രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ കൊണ്ടാണ് പ്രമേഹ രോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. ഇൻസുലിൻ ഗുളികകൾ അല്ലെങ്കിൽ കുത്തിവയ്പ്പുകൾ, മറ്റ് മരുന്നുകൾ എന്നിവ ഉപയോഗിച്ചാണ് പ്രമേഹം സാധാരണഗതിയിൽ സുഖപ്പെടുത്തുന്നത്.
പ്രമേഹം പിടിപ്പെട്ടാല്‍ പിന്നെ എന്തൊക്കെ കഴിക്കാം എന്ന സംശയമാണ് പലർക്കുമുള്ളത്. ഇന്നും ഇത് സംബന്ധിച്ച് പല പഠനങ്ങളും പുറത്ത് വന്നുകൊണ്ടിരിക്കുന്നു. രക്തത്തിലെ പഞ്ചസാര സ്വാഭാവികമായി നിലനിർത്താൻ കഴിയുമെങ്കിൽ മരുന്ന് ഒഴിവാക്കാം. ആരോഗ്യകരമായ ജീവിതശൈലിയ്ക്ക് ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റം വരുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം.
പച്ചക്കറികൾ ധാരാളം കഴിക്കുക. പച്ചക്കറികളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പച്ചക്കറികൾ സഹായിക്കുന്നു. ചീര, ബ്രോക്കോളി, ബീറ്റ്റൂട്ട്, കോളിഫ്ലവർ തുടങ്ങിയ അന്നജം ഇല്ലാത്ത പച്ചക്കറികൾ കഴിക്കണം. പച്ചക്കറി സാലഡുകൾ വിശപ്പ് കുറയ്ക്കാൻ സഹായിക്കും.
പ്രമേഹം നിയന്ത്രണവിധേയമാക്കാനുള്ള ഏറ്റവും വലിയ മാർഗ്ഗമാണ് പഞ്ചസാര കുറവുള്ള ഭക്ഷണക്രമം നിലനിർത്തുന്നത്. പല പ്രമേഹ രോഗികളും കാപ്പി, ചായ, പാൽ എന്നിവയിൽ പഞ്ചസാര ഒഴിവാക്കുകയും പഞ്ചസാര കൂടുതലുള്ള മധുര പലഹാരങ്ങൾ കഴിക്കാതിരിക്കുകയും ചെയ്യുന്നു. മധുര പലഹാരങ്ങൾ കഴിക്കുന്നത് എല്ലായ്‌പ്പോഴും അപകടകരമാണ്. പ്രമേഹ രോഗികൾ, ഉരുളക്കിഴങ്ങ്, ചേന തുടങ്ങിയ അന്നജം അടങ്ങിയ പച്ചക്കറികൾ ഒഴിവാക്കുക.
ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. എല്ലാ ദിവസവും നടക്കുന്നത് പ്രമേഹ നിയന്ത്രണത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഒഴിവാക്കുന്നതിനും നല്ലതാണ്. ശരീരഭാരം നിയന്ത്രിക്കുന്നത് ശരീരത്തിന്റെ ഇൻസുലിൻ സംവേദനക്ഷമതയും രക്തപ്രവാഹത്തിൽ നിന്നുള്ള ഗ്ലൂക്കോസ് ആഗിരണവും മെച്ചപ്പെടുത്തുന്നു.
Read Also:- ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വൃക്കകളെ അനാവശ്യമായ സമ്മർദ്ദത്തിലാക്കാതെ അധിക പഞ്ചസാര നീക്കം ചെയ്യാൻ സഹായിക്കും. കൃത്യമായ ഇടവേളകളിൽ ഷുഗർ നില പരിശോധിക്കണം. ഇത് ദിനംപ്രതിയായാൽ നല്ലത്. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് നല്ലതാണ്. മൂന്ന് മാസത്തിലൊരിക്കൽ ഡോക്ടറെ കാണുകയും വേണം.
Post Your Comments