പാട്ന: കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ രാജ്യത്തെ പൊതുമുതലിൽ വൻ നാശനഷ്ടം. ബിഹാറിൽ നാല് ദിവസമായി തുടരുന്ന പ്രതിഷേധത്തിൽ റെയിൽവേക്ക് നഷ്ടമായത് 700 കോടി. പ്രക്ഷോഭകർ നടത്തിയ ആക്രമണത്തിലും തീ വെപ്പിലുമാണ് റെയിൽവേ വകുപ്പിന് നാശനഷ്ടം സംഭവിച്ചത്. എന്നാൽ, നാശ നഷ്ടങ്ങളുടെ അന്തിമ കണക്ക് പുറത്തു വന്നിട്ടില്ല. ഏകദേശം 700 കോടിയുടെയടുത്താണ് റെയിൽവേക്ക് വന്നിരിക്കുന്ന നഷ്ടമെന്നാണ് ഈസ്റ്റ് സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ വിരേന്ദ്ര കുമാർ പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പ്രതിഷേധങ്ങളിൽ 60 ട്രെയ്നുകളുടെ കോച്ചുകളാണ് കത്തിച്ചത്. 11 എഞ്ചിനുകളും കത്തി നശിച്ചു. ഇതിനു പുറമെ റെയിൽവേ സ്റ്റേഷനിലെ കടകളും മറ്റും നശിപ്പിക്കപ്പെട്ടു. ബിഹാറിലെ 15 ജില്ലകളിലാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. റെയിൽവേ അധികൃതർ നൽകുന്ന കണക്ക് പ്രകാരം ഒരു ജനറൽ കോച്ച് നിർമ്മിക്കാനുള്ള ചെലവ് 80 ലക്ഷം രൂപയാണ്. സ്ലീപ്പർ കോച്ചും എ.സി കോച്ചും നിർമ്മിക്കാൻ ഒരു യൂണിറ്റിന് യഥാക്രമം 1.25 കോടിയും 3.5 കോടിയും ചെലവാകും.
Read Also: അസമിലും മേഘാലയയിലും കനത്ത മഴ: സഹായ വാഗ്ദാനം നൽകി പ്രധാനമന്ത്രി
‘ഒരു റെയിൽ എഞ്ചിൻ നിർമ്മിക്കാൻ 20 കോടിയോളമാണ് ചെലവ്. 12 കോച്ചുകളുള്ള പാസഞ്ചർ ട്രെയ്നുകൾക്ക് 40 കോടിയും 24 കോച്ചുകളുള്ള ട്രെയ്നുകൾക്ക് 70 കോടിയുമാവും. സംഘർഷങ്ങളെത്തുടർന്ന് 60 കോടി യാത്രക്കാർ ഈ ദിവസങ്ങളിൽ ട്രെയിൻ ടിക്കറ്റ് റദ്ദാക്കി. ഇതും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. സാമ്പത്തിക നഷ്ടത്തിന്റെ അന്തിമ റിപ്പോർട്ട് റെയിൽവേ അടുത്ത ദിവസങ്ങളിൽ പുറത്തു വിടും’- റയിൽവേ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments