തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ടു ഫിഷർ വിമെൻ (സാഫ്) മുഖേന സംസ്ഥാനത്തുടനീളം തീരമൈത്രി പദ്ധതിക്ക് കീഴിൽ സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ അംഗത്വമുള്ള വനിതകളും, അതത് ജില്ലകളിൽ സ്ഥിരതാമസക്കാരും ആയിരിക്കണം.
രണ്ടു മുതൽ അഞ്ചുവരെ മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പായിരിക്കണം അപേക്ഷകർ. പ്രായപരിധി 50 വയസ് വരെ. അപേക്ഷകരിൽ 20 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. പ്രകൃതി ദുരന്തങ്ങൾക്ക് നേരിട്ട് ഇരയായവർ, ട്രാൻസ്ജെൻഡേഴ്സ്, വിധവകൾ, ഭിന്നശേഷിക്കാരായ കുട്ടികൾ ഉള്ളവർ എന്നിവർക്ക് മുൻഗണനയും വ്യക്തിഗത ആനുകൂല്യമായി ധനസഹായവും (പ്രായപരിധി 20 മുതൽ 50 വയസുവരെ വരെ) ലഭിക്കും. തീരനൈപുണ്യ കോഴ്സിൽ പങ്കെടുത്തവർക്കും മുൻഗണന ലഭിക്കും. സാഫിൽ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവർ അപേക്ഷിക്കേണ്ടതില്ല. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും, 20 ശതമാനം ബാങ്ക് ലോണും, അഞ്ചു ശതമാനം ഗുണഭോക്തൃ വിഹിതവും ആയിരിക്കും. ഒരു അംഗത്തിന് പരമാവധി ഒരുലക്ഷം രൂപ നിരക്കിൽ അഞ്ചുപേർ അടങ്ങുന്ന ഗ്രൂപ്പിന് 5 ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും.
അപേക്ഷകൾ അതത് ജില്ല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, സാഫ് ജില്ലാ നോഡൽ ഓഫീസ്, മത്സ്യഭവനുകൾ, സാഫ് വെബ്സൈറ്റ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 30-ന് വൈകിട്ട് അഞ്ചുമണി വരെ അതത് മത്സ്യഭവനുകളിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.safkerala.org, 0484-2607643, 1800 425 7643.
Read Also: രാഹുൽ ഗാന്ധിയെ ബുധനാഴ്ചയും ചോദ്യം ചെയ്യും: രണ്ടാം ദിനം ചോദ്യം ചെയ്തത് പത്ത് മണിക്കൂര്‍
Post Your Comments