Article

വിവിധ യോഗാസനങ്ങളെ കുറിച്ചറിയാം

ഭാരതത്തിന്റെ സംഭാവനയായ യോഗ ഇന്ന് ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് . ആരോഗ്യ സൗന്ദര്യ സംരക്ഷണത്തിന് യോഗ വളരെയേറെ പ്രയോജനകരമാണ്. മറ്റുള്ള കായികാഭ്യാസങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതിന്റെ ഘടകങ്ങള്‍ പലതാണ്. ഉപകരണങ്ങള്‍ വേണ്ട , പണച്ചെലവില്ല , സ്വന്തം വീട്ടില്‍ തന്നെ പരിശീലിക്കാം, തനിയെ ചെയ്യാം എന്നതെല്ലാം ഇതിന്റെ ഏറ്റവും വലിയ മേന്മയാണ്.

നടുവേദന, കൈകാല്‍ തരിപ്പ്, ഉറക്കമെഴുന്നേല്‍ക്കാനുള്ള മടി, ഉന്മേഷമില്ലായ്മ , തലകറക്കം, ചടുലതക്കുറവ്, ലൈംഗികപ്രശ്‌നങ്ങള്‍, കുടവയര്‍ തുടങ്ങിയവയ്ക്ക് ഇത് സിദ്ധൗഷധം ആണ് . ആഴ്ചയില്‍ അഞ്ചു ദിവസം അരമണിക്കൂറെങ്കിലും ചെലവഴിക്കാന്‍ തയ്യാറാണോ? എങ്കില്‍ വളരെ പ്രധാനപ്പെട്ട ചില ‘ആസനങ്ങള്‍’ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം.

ശ്വസനക്രിയ ചെയ്യുന്ന രീതി:

കാലുകള്‍ ഒന്നര അടിയോളം അകറ്റിനിന്ന് കൈകള്‍ തൂക്കിയിട്ട് നിവര്‍ന്നുനില്‍ക്കുക. ദീര്‍ഘശ്വാസം ഉള്ളിലേക്കെടുത്ത്‌ കൊണ്ട് കൈകള്‍ ചെവികള്‍ക്കടുപ്പിച്ചു നേരെ മേലേയ്ക്ക് ഉയര്‍ത്തുക . കുറച്ചു സമയത്തിനു ശേഷം ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട്തന്നെ കൈകള്‍ സാവധാനം താഴേക്ക് കൊണ്ട് വരിക. ഇങ്ങനെ പത്തു പ്രാവശ്യം ആവര്‍ത്തിക്കുക.

പാദഹസ്താസനം :

ആസനങ്ങളില്‍ സവിശേഷമായ ഒന്നാണ് പാദഹസ്താസനം. ഇത് അരക്കെട്ടും വയറും ഒതുങ്ങി ശരീര സൗന്ദര്യവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. നട്ടെല്ലിനുള്ള വളവു നിവര്‍ന്ന് നല്ല ആയാസം ലഭിക്കുകയും നടുവേദന അകറ്റുകയും ചെയ്യുന്നു. വയറിലെ ദുര്‍മേദസ്സ് കുറയുന്നു. ഉദരഗ്രന്ഥികളുടെ പ്രവര്‍ത്തനം എളുപ്പമാക്കുകയും വയറിനു പിടിപെടാവുന്ന അസുഖങ്ങളെ ചെറുക്കുകയും ചെയ്യുന്നു.

ചെയ്യേണ്ട വിധം:

കാല്‍പാദങ്ങള്‍ ചേര്‍ത്തുവച്ചു നിവര്‍ന്നു നില്‍ക്കുക. കൈകള്‍ മുകളിലേക്കുയര്‍ത്തുക. കാല്‍മുട്ടുകള്‍ വളയാതെ ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് മെല്ലെ കുനിഞ്ഞു കാല്‍ വിരലുകളുടെ അഗ്രം താഴെ തൊടാന്‍ ശ്രമിക്കുക. അല്‍പ സമയം ഈ നില തുടര്‍ന്ന ശേഷം ശ്വാസം ഉള്ളിലെക്കെടുത്തുകൊണ്ട് സാവധാനം നിവര്‍ന്നുനില്‍ക്കുക. ഇത് പരിശീലിച്ചു ശരിയായി കഴിഞ്ഞാല്‍ അടുത്ത തവണ കൈവെള്ള നിലത്ത് തൊടുവിക്കാന്‍ ശ്രമിക്കുക. പടിപടിയായി സാവധാനം പരിശീലിക്കുക. ഇത് അഞ്ചു പ്രാവശ്യം ചെയ്യുക.

ചക്രാസനം:

വളരെ പ്രധാനപ്പെട്ട ഒരു ആസനമാണിത്. ചക്രത്തിന്റെ രൂപത്തില്‍ ആയത് കൊണ്ടാണ് ഇതിനു അങ്ങനെ ഒരു പേരു വന്നത്. ഏറെ ഗുണഫലങ്ങള്‍ ഉള്ള ഈ ആസനം വഴി ഉയരം വര്‍ധിക്കുന്നു. പാദഹസ്താസനത്തിനു മുന്നോട്ടു വളക്കുന്നതിനു വിപരീതമായി പിന്നോട്ടും നട്ടെല്ലു വളയുന്നതിനാല്‍ നല്ല ആയാസം ലഭിക്കുന്നു. യുവത്വവും ചുറുചുറുക്കും വര്‍ദ്ധിക്കും. നടുവേദന പമ്പകടക്കും. വാതരോഗങ്ങളും കഫശല്യങ്ങളും ഉണ്ടാകില്ല. കൈകളുടെ ബലം വര്‍ദ്ധിക്കും.

ചെയ്യേണ്ട വിധം:

ആരംഭ ദശയില്‍ ഇത് മറ്റൊരാളുടെ സഹായത്തോടെ പരിശീലിക്കുന്നത് നല്ലതാണ്. മലര്‍ന്നു കിടന്നു കാലുകള്‍ ഒന്നരയടി അകറ്റിവക്കുക. കൈകള്‍ രണ്ടും മടക്കി തലയ്ക്കു മീതെ കൊണ്ടുവന്നു കൈവിരലുകള്‍ പിന്നോട്ട് വരത്തക്കവിധം ചെവിയുടെ ഇരു ഭാഗത്തായി കുത്തനെ നിര്‍ത്തുക. കാല്‍മുട്ട് വളച്ച് കാല്‍പാദം പൃഷ്ഠ ഭാഗത്തേക്ക് പരമാവധി അടുപ്പിച്ചു വെക്കുക. ശേഷം രണ്ടു കൈകാലുകളില്‍ ബാലന്‍സ് ചെയ്തു കൊണ്ട് ശരീരത്തിന്റെ മധ്യഭാഗം മേലോട്ട് പരമാവധി ഉയര്‍ത്തുക. കൈകാലുകള്‍ പരമാവധി നിവര്‍ത്തി നോക്കുക. ഒറ്റയടിക്ക് പൂര്‍ണ്ണ അവസ്ഥയില്‍ എത്തിച്ചേരുക ബുദ്ധിമുട്ടായിരിക്കും. ക്രമേണ നില മെച്ചപ്പെടുത്താനെ കഴിയൂ. കഴിയുന്നത്ര നേരം ഈ പൊസിഷനില്‍ നിന്ന് കൊണ്ട് സാവധാനം കൈകാലുകള്‍ മടക്കി പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരിക. ഇതും അഞ്ചു പ്രാവശ്യം ചെയ്യാന്‍ ശ്രമിക്കുക.

ത്രികോണാസനം:

ത്രികോണാകൃതിയിലുള്ള ഒരാസനമാണിത്. സാധാരണ നിത്യജീവിതത്തിന്റെ ഭാഗമായി കുറെയൊക്കെ നാം മുന്നോട്ടും പിന്നോട്ടും ഒക്കെ നട്ടെല്ലു വളക്കാറുണ്ട്. പക്ഷെ രണ്ടു വശത്തേക്കും വളയുന്നത് അപൂര്‍വ്വമാണ്. ശരീരവടിവ് ഉണ്ടാകാന്‍ അത്യാവശ്യം ചെയ്യേണ്ട ഒന്നാണിത്. ഇത് അരക്കെട്ട് ഒതുക്കമുള്ളതാക്കുന്നു. ഇടുപ്പിന്റെ ഇരു വശത്തുമുള്ള കൊഴുപ്പ് കുറച്ചു ശരീരം ആകൃതിയിലാക്കുന്നു.

ചെയ്യേണ്ട വിധം

നിവര്‍ന്നു നിന്ന് കാലുകള്‍ രണ്ടടി അകറ്റിവക്കുക. ശ്വാസം ഉള്ളിലേക്ക് വലിക്കുക. ശ്വാസം സാവധാനം വിട്ടുകൊണ്ട് ശരീരം മുന്നോട്ടോ പിന്നോട്ടോ വളയാതെ നേരെ വലതു വശത്തേക്ക് വളയ്ക്കുക. ഒപ്പം ഇടതു കൈയും നിവര്‍ത്തി തലയ്ക്കു മീതെ കൊണ്ടുവരിക. വലതു കൈ വലത്തെ ഉപ്പൂറ്റിയില്‍ തൊടുവിക്കാന്‍ ശ്രമിക്കുക. പിന്നീട് ശ്വാസം എടുത്തുകൊണ്ട് പൂര്‍വസ്ഥിതിയിലേക്ക് എത്തിച്ചേരുക. ഇത് നേരെ വിപരീത ദിശയിലേക്കും ചെയ്യുക. ഇത് ചെയ്യുമ്പോള്‍ മുന്നോട്ടോ പിന്നോട്ടോ വളയാതിരിക്കാന്‍ പ്രത്യകം ശ്രദ്ധിക്കണം. സാവധാനം മാത്രമേ പൂര്‍ണ്ണാവസ്ഥയിലേക്ക് എത്താവൂ. ധൃതി പാടില്ല.

മേരുദണ്ഢാസനം :

നേരത്തെ പോലെ മലര്‍ന്നുകിടക്കുക. കൈകള്‍ നിവര്‍ത്തി ശരീരത്തിനിരുവശത്തുമായി കമഴ്ത്തി വയ്ക്കുക.ശ്വാസം ഉള്ളിലെക്കെടുത്തുകൊണ്ട് വലതു കാല്‍ 45 ഡിഗ്രിയോളം ഉയര്‍ത്തുക. ആ നിലയില്‍ അല്പം തുടര്‍ന്നതിന് ശേഷം ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് കാല്‍ മെല്ലെ താഴ്ത്തുക. ഇനി മറ്റേ കാലും ഇതേപടി ചെയ്യുക.ഇത് നാലഞ്ചു തവണ ആവര്‍ത്തിച്ചതിനു ശേഷം രണ്ടുകാലും ഒന്നിച്ചു നേരത്തെ പോലെ പൊക്കുക. ശേഷം ഒന്നിച്ചു താഴ്ത്തുകയും ചെയ്യുക. കൈകളില്‍ പരമാവധി ബലം കൊടുക്കാതിരിക്കുക. ഇത് അഞ്ചു തവണ ചെയ്യുക.

ഇതിന്റെ ഗുണഫലങ്ങള്‍:

വയറിലേക്ക് രക്തചംക്രമണം കൂട്ടി ആരോഗ്യമുള്ളതാക്കുന്നു.വയറു ഒതുങ്ങി ആകാര വടിവുള്ളതാക്കുന്നു. നട്ടെല്ലിനെ ബലപ്പെടുത്തുന്നു. കാലുകള്‍ക്ക് ബലം കൂടുന്നു.

ഊര്‍ദ്ധപാദഹസ്താസനം :

വയറിലെ പേശികള്‍ക്ക് നല്ല വ്യായാമം ലഭിക്കുന്നതിനാല്‍ വയറു കുറയാന്‍ നല്ലൊരു ആസനമാണിത്. കൂടാതെ കൈകാലുകള്‍ ദൃഢമാകുവാനും വാതസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കാനും ഇത് വളരെ ഉത്തമമാണ്.

ചെയ്യേണ്ട വിധം:

നേരത്തെ പോലെ തന്നെ നിവര്‍ന്നു മലര്‍ന്നു കിടക്കുക. ശ്വാസം ഉള്ളിലേക്കെടുത്തു കൈകാലുകള്‍ ഒരേ സമയം ഉയര്‍ത്തുക. ഇതൊരു കുതിപ്പിന് ചെയ്യുന്നതാവും ഉത്തമം. ഇതില്‍ ശരീരത്തിന്റെ ബാലന്‍സ് പ്രധാനമാണ്. ശ്വാസം സാവധാനം പുറത്തേക്കു വിടുക .വീണ്ടും ശ്വാസം ഉള്ളിലേക്കെടുത്തു പൂര്‍വസ്ഥിതിയിലേക്ക് എത്തുക. നാലഞ്ചു പ്രാവശ്യം ഇത് ആവര്‍ത്തിക്കുക. ഇതിനു ഒരു ഘട്ടമേയുള്ളൂ. രണ്ട് കൈകാലുകള്‍ ഒന്നിച്ചു ചെയ്യേണ്ട ആസനമാണിത്. ബാലന്‍സ് ശരിയാക്കി ക്രമേണ സാവധാനം കൈകാലുകള്‍ തമ്മിലെ അകലം കുറച്ചു കൊണ്ട് വരാന്‍ ശ്രമിക്കുക. അല്‍പ ദിവസം കൊണ്ട് തന്നെ ഇതിന്റെ അതിശയിപ്പിക്കുന്ന ഫലം നിങ്ങള്‍ക്ക് ലഭ്യമാകുന്നതാണ്.

ശലഭാസനം:

ഈ ആസനം ചെയ്യും നേരം ശലഭത്തിന്റെ രൂപത്തില്‍ ആകുന്നതു കൊണ്ടാണ് ഇതിനു ശലഭാസനം എന്ന് പറയുന്നത്. അരക്കെട്ടിന്റെയും കാലുകളുടെയും മസിലുകള്‍ക്ക് നല്ല വലിവ് ലഭിക്കുന്നതിനാല്‍ നല്ല ആകൃതിയും സൗന്ദര്യവും ലഭിക്കുന്നു.

ചെയ്യേണ്ട വിധം :

കമിഴ്ന്നു കിടന്നു താടി തറയില്‍ തൊടുവിക്കുക. ശ്വാസം അകത്തേക്ക് വലിച്ച് കൊണ്ട് ഒരു കാല്‍ പരമാവധി ഉയര്‍ത്തുക. ശേഷം സാവധാനം ശ്വാസം വിട്ടുകൊണ്ട് താഴ്ത്തുക . മറ്റേ കാലും ഇതേ പോലെ ആവര്‍ത്തിക്കുക. രണ്ടാം ഘട്ടമായി രണ്ട് കാലും ഒന്നിച്ചു ഉയര്‍ത്തുക. കൈകളില്‍ കഴിയുന്നതും ബലം കൊടുക്കാതിരിക്കുക.

ധനുരാസനം:

‘വില്ലിന്റെ ‘ രൂപത്തില്‍ ശരീരം വളയുന്നത് കൊണ്ടാണ് ഇതിനു ധനുരാസനം എന്ന് വിളിക്കുന്നത്. ഈ ആസനം വഴി ഉദരപേശികള്‍ക്ക് ബലം വര്‍ധിച്ചു കുടവയര്‍ കുറയ്ക്കുകയും മലബന്ധം, അധോവായു എന്നിവയ്ക്ക് ശമനം ഉണ്ടാക്കുകയും ചെയ്യുന്നു. ദുര്‍മേദസ്സ് കുറയുന്നു. വാതം ശമിക്കുന്നു. തോളെല്ലിന് ബലം കൂട്ടുന്നു.

ചെയ്യേണ്ട വിധം:

ശലഭാസനത്തിലെ പോലെ കമിഴ്ന്നു കിടന്നു കാല്‍മുട്ടുകള്‍ മുന്നോട്ടു മടക്കി ,ഇനി ശ്വാസം ഉള്ളിലേക്ക് വലിച്ച് കൊണ്ട് കാലുകളും തലയും പരമാവധി ഉയര്‍ത്തി വില്ല് പോലെ നില്‍ക്കാന്‍ ശ്രമിക്കുക. ഇനി ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് കാലിലെ പിടി വിടാതെ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തുക. അഞ്ചു തവണ ആവര്‍ത്തിക്കുക.

ബാണാസനം

ലൈംഗികക്ഷീണം മാറുന്നു. ഹെര്‍ണിയ ഇല്ലാതാകുന്നു. വയറിന്റെ കൊഴുപ്പ് കുറയുന്നു. വായുകോപം നശിക്കുന്നു. ഉന്മേഷവും ചുറുചുറുക്കും ലഭിക്കുന്നു.

ചെയ്യേണ്ട രീതി:

കാലുകള്‍ നീട്ടി ഇരുന്ന് വലതു കാല്‍ പിന്നോട്ട് മടക്കി വച്ചതിനു ശേഷം മെല്ലെ ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് മുന്നോട്ടായുക. വലതു കാലിന്റെ ഉപ്പൂറ്റി ഗുഹ്യഭാഗത്തിനു അടിയിലായിരിക്കണം. കാല്‍ തറയില്‍ നിന്നുയരാതെ നെറ്റി ഇടതുകാല്‍മുട്ടില്‍ മുട്ടിക്കാന്‍ ശ്രമിക്കുക. ശ്വാസം അകത്തേക്ക് എടുത്തുകൊണ്ട് പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുക. ഇനി അടുത്ത കാലും ഇങ്ങനെ ആവര്‍ത്തിക്കുക. ഓരോന്നും അഞ്ച് പ്രാവശ്യം ചെയ്യുക.

ബദ്ധകോണാസനം :

വളരെ മേന്മയേറിയ ഒരു ആസനമാണിത് . ശീഖ്രസ്ഖലനം, ബലഹീനത മുതലായവ ഇല്ലാതാക്കാന്‍ ഇവക്ക് കഴിവുണ്ട്. ഗുഹ്യഭാഗത്തിന്റെയും അനുബന്ധപേശികളുടെയും ഞരമ്പുകളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് ആര്‍ത്തവക്രമീകരണം സാധ്യമാകുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button