തിരുവനന്തപുരം: കണ്ണൂരിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ. ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ ആണ് ഇന്ന് എൽഡിഎഫ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. ബഫർ സോൺ ഉത്തരവിനെതിരെ പ്രതിഷേധിച്ചാണ് ജില്ലയിലെ അഞ്ച് മലയോര പഞ്ചായത്തുകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ നടത്തുക. മലയോര മേഖലയിലെ കൊട്ടിയൂർ, കണിച്ചാൽ, കേളകം, അയ്യൻകുന്ന്, ആറളം എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടെ മാത്രം തുടര്‍ന്നാല്‍ മതിയെന്നും കോടതി ഉത്തരവിൽ പറയുന്നു. സുപ്രീംകോടതി ഉത്തരവിൽ കേന്ദ്രം ഇടപെട്ട് പരിഹാരം വേണമെന്നാണ് സിപിഐഎം ആവശ്യപ്പെടുന്നത്.
ദൂരപരിധി നിശ്ചയിക്കാനുളള അവകാശം സംസ്ഥാനങ്ങൾക്ക് വിട്ട് നൽകുക, ജനവാസ മേഖലയേയും, കൃഷി ഭൂമിയേയും പൂർണമായി സംരക്ഷിക്കുന്നതിനാവശ്യമായ നിയമനിർമാണം കേന്ദ്ര സർക്കാർ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ഹർത്താൽ. ജൂൺ 16ന് യുഡിഎഫ് ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. സംരക്ഷിത വനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം പരിസ്‌ഥിതി ലോല മേഖലയാക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
വിധിക്കെതിരെ സംസ്‌ഥാനത്ത് പ്രതിഷേധം ഉണ്ടായിരുന്നു. നീലഗിരി വനനശീകരണത്തിനെതിരെ പരേതനായ ഗോദവര്‍മന്‍ തിരുമുല്‍പ്പാട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍, ഈ മേഖലകളിലുള്ള കെട്ടിടങ്ങളെയും നിര്‍മ്മിതികളെയും സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍മാര്‍ മൂന്ന് മാസത്തിനകം സമര്‍പ്പിക്കാനും ഉത്തരവുണ്ട്. വനംമേഖലകളില്‍ ഒരു കിലോ മീറ്റര്‍ പരിധി ബഫര്‍ സോണാണെങ്കില്‍ അതേപടി തുടരാനാണ് നിര്‍ദ്ദേശം.
Post Your Comments