കൊച്ചി: എറണാകുളം ചെറായി പെട്രോൾ പമ്പിലെ മോഷണക്കേസിൽ ദമ്പതികൾ പിടിയിൽ. തൃശ്ശൂർ പട്ടിക്കാട് സ്വദേശി റിയാദ് (22), ഭാര്യ ജോസ്‌ന മാത്യു എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നാംപ്രതിയായ റിയാദ് ഇരുപതിലധികം കേസുകളിൽ പ്രതിയാണ്. ആലങ്ങാടും കുന്നംകുളത്തും പെട്രോൾ പമ്പുകളിൽ നടന്ന കവർച്ചയ്ക്ക് പിന്നിലും ഇയാളാണെന്നാണ് പോലീസിന്റെ സംശയം. ചെറായി ജങ്ഷനിലെ ‘രംഭാ ഫ്യൂവൽസ്’ പെട്രോൾ പമ്പിലാണ് ഇവർ മോഷണം നടത്തിയത്.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. പെട്രോൾ പമ്പിലെ ഓഫീസ് മുറി കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. അത്താണിയിലുള്ള ലോഡ്ജിൽ നിന്നാണ് മുനമ്പം പോലീസ് പ്രതികളെ പിടികൂടിയത്. പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് മോഷ്ടാക്കളിൽ ഒരാൾ സ്ത്രീയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അത്താണിയിലെ ലോഡ്ജിൽനിന്ന് ജോസ്‌നയെ പിടികൂടിയത്.
പ്രതികൾ പെട്രോൾ പമ്പിലെത്തുന്നതിനും തിരികെ പോകുന്നതിനും ഉപയോഗിച്ച മാരുതി കാറും പെട്രോൾ പമ്പ് കുത്തിത്തുറക്കാൻ ഉപയോഗിച്ച സ്ക്രൂ ഡ്രൈവറും കണ്ടെടുത്തു. അറസ്റ്റ് ചെയ്ത ജോസ്‌നയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.
Post Your Comments