കാൺപൂർ: പ്രവാചക നിന്ദയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന് പിന്നാലെ, അനധികൃത കൈയ്യേറ്റമെന്ന് ചൂണ്ടിക്കാട്ടി കാൺപൂരിൽ നിരവധി ഭവനങ്ങൾ ബുൾഡോസർ കൊണ്ട് ഇടിച്ച് നിരത്തുന്നു. പ്രവാചകന് എതിരെയുള്ള മുന്‍ ബി.ജെ.പി വക്താവിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ബുള്‍ഡോസറുമായി കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുന്നത്. പരാമർശത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയവരുടെ ഭവനങ്ങൾ ആണ് ഇടിച്ചുനിരത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
പ്രതിഷേധത്തില്‍ പങ്കെടുത്ത സഫര്‍ ഹയാത്ത് ഹാഷ്മി എന്ന പ്രാദേശിക മുസ്ലിം നേതാവിന്റെ വീട് പൊളിച്ച് നീക്കി. അനധികൃത കൈയ്യേറ്റത്തെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ ശ്രമമെന്നാണ് അധികൃതരുടെ വിശദീകരണം. കാണ്‍പൂരിന് പുറമെ പ്രതിഷേധം നടന്ന പ്രയാഗ് രാജിലും ബുള്‍ഡോസറുകളുമായി അധികൃതര്‍ എത്തിയിട്ടുണ്ട്. കാണ്‍പൂരില്‍ ജൂണ്‍ 3ന് നടന്ന പ്രതിഷേധത്തിന്റെ മുഖ്യ സൂത്രധാരന്‍ സഫര്‍ ഹയാത്ത് ഹാഷ്മിയാണെന്നാണ് പോലീസിന്റെ ആരോപണം.
നഗരത്തിലെ ഏറ്റവും വലിയ മൊത്തവ്യാപാര മാര്‍ക്കറ്റായ പരേഡ് മാര്‍ക്കറ്റിലാണ് ജൂണ്‍ മൂന്നിന് പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷവും കല്ലേറും അരങ്ങേറിയത്. പോലീസിന് നേരെയും കല്ലേറ് ഉണ്ടായിരുന്നു. ബി.ജെ.പി നേതാവ് നൂപുർ ശർമ്മയുടെ വിവാദ പരാമർശത്തിന്റെ പേരിൽ കാൺപൂരിലെ ഏറ്റവും വലിയ മൊത്തവ്യാപാര മാർക്കറ്റുകളിലൊന്നായ പരേഡ് മാർക്കറ്റിലെ കടകൾ അടച്ചുപൂട്ടാൻ ഒരു മുസ്ലീം സംഘടന ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ, ജൂൺ 3 ന് കാൺപൂരിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകളും കല്ലേറും നടന്നിരുന്നു.
Post Your Comments