കൊച്ചി: കേരള വിദ്യാഭ്യാസച്ചട്ടത്തില്‍ (കെ.ഇ.ആര്‍.) സര്‍ക്കാര്‍ ഏപ്രിലില്‍ കൊണ്ടുവന്ന ഭേദഗതി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഇവ 2009-ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും 1958-ലെ കേരള വിദ്യാഭ്യാസ നിയമത്തിന്റെയും ചട്ടത്തിന്റെയും ലംഘനമാണെന്ന ഹര്‍ജിക്കാരുടെ വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വിലയിരുത്തിക്കൊണ്ടാണ് കോടതി ഉത്തരവിറക്കിയത്.
ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ച് ആണ് ഭേദഗതി നടപ്പാക്കുന്നത് ഒരുമാസത്തേക്കു തടഞ്ഞുകൊണ്ട് വിധി പുറപ്പെടുവിച്ചത്. ഭേദഗതിയിലൂടെ കൊണ്ടുവന്ന വ്യവസ്ഥകള്‍ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രൈവറ്റ് സ്‌കൂള്‍ (എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കൊല്ലം ചെറിയ വെളിനല്ലൂര്‍ കെ.പി.എം.എച്ച്.എസ്.എസ്. മാനേജരുമായ കെ. മണി ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഭേദഗതിയിലെ വ്യവസ്ഥകള്‍ കേന്ദ്രവിദ്യാഭ്യാസ അവകാശനിയമത്തിന് വിരുദ്ധമാണെങ്കില്‍ തിരുത്തുമെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അശോക് എം. ചെറിയാന്‍ വിശദീകരിച്ചു. മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സമയവും തേടി. തുടര്‍ന്ന്, ഹര്‍ജി ജൂണ്‍ 10-ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.
Post Your Comments