ഉത്തരാഖണ്ഡ്: ഉത്തരകാശിയില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 26 പേർ മരിച്ചു. മധ്യപ്രദേശിലെ പന്നയിൽ നിന്ന്, 28 തീർത്ഥാടകരുമായി പോയ മിനി ബസ് ദാംതയ്‌ക്ക് സമീപം തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തിൽ 2 പേർക്ക് പരുക്കേറ്റു.
യമുനോത്രി ദേശീയ പാതയിൽ ദംത റിഖോൺ ഖാഡിന് സമീപമാണ് അപകടം. നിയന്ത്രണം വിട്ട് 200 മീറ്റർ താഴ്ചയുള്ള തോട്ടിലേക്കാണ് ബസ് വീണത്. പ്രാദേശിക ഭരണകൂടവും എസ്.ഡി.ആർ.എഫ് ടീമുകളും രക്ഷാപ്രവർത്തനത്തിൽ ഏര്‍പ്പെട്ടിട്ടുണ്ട്. എൻ.ഡി.ആർ.എഫ് സംഘവും സംഭവ സ്ഥലത്തേക്ക് എത്തുന്നുണ്ട്. ഇതുവരെ 26 മൃതദേഹങ്ങൾ കണ്ടെടുത്തു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യാത്രക്കാരെല്ലാം മധ്യപ്രദേശിലെ പന്ന ജില്ലയിൽ നിന്നുള്ളവരാണ്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
അതേസമയം, മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുരന്ത കൺട്രോൾ റൂമിലെത്തി. പരുക്കേറ്റവർക്ക് കൃത്യമായ ചികിത്സ നൽകുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. അപകടത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പി.എം.എൻ.ആർ.എഫ് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപയും നൽകും. ആഭ്യന്തരമന്ത്രി അമിത് ഷായും അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി.
Post Your Comments