ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ കോഡിംഗ് മത്സരത്തിൽ വിജയിച്ച് ഡൽഹിയിലെ ഐ.ഐ.ടി വിദ്യാർത്ഥി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഡൽഹിയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ കലാഷ് ഗുപ്തയാണ് വിജയം കരസ്ഥമാക്കിയത്. 87 രാജ്യങ്ങളിൽ നിന്നായി ഒരു ലക്ഷത്തിലധികം മത്സരാർത്ഥികൾ ആണ് ആഗോള കോഡിംഗ് മത്സരമായ ടി.സി.എസ് കോഡ്‌വിറ്റ സീസൺ 10-ൽ പങ്കെടുത്തത്. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കലാഷ് ഗുപ്തയെ വിജയിയായി പ്രഖ്യാപിച്ചതായി അറിയിച്ചിരിക്കുന്നത്.
‘മത്സരം തുടങ്ങിയപ്പോൾ, ഞാൻ ആദ്യ 3-ൽ പോലും വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, പക്ഷേ ഇത് വളരെ വിനയാന്വിതമായ അനുഭവമാണ്. ആദ്യ പ്രശ്നം പരിഹരിക്കാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയം ഞാൻ എടുത്തിരുന്നു. അതിനാൽ, തുടക്കത്തിൽ എനിക്ക് ആത്മവിശ്വാസമില്ലായിരുന്നു. എന്നാൽ, മറ്റ് ചില പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ട് ഞാൻ മുന്നോട്ട് നീങ്ങിയപ്പോൾ, എന്റെ അവസാന നിലയെക്കുറിച്ച് എനിക്ക് കൂടുതൽ ആത്മവിശ്വാസം ലഭിച്ചു. വിജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷ വന്നു. ആദ്യ 3-ൽ എത്തുമെന്ന് എനിക്ക് പതിയെ വിശ്വാസം വന്നു തുടങ്ങി’, മത്സരശേഷം ഗുപ്ത പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് മത്സരമെന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ടൈറ്റിൽ കോഡ്‌വിറ്റ സ്വന്തമാക്കി. ചിലിയിൽ നിന്നും തായ്‌വാനിൽ നിന്നുമുള്ളവരാണ് യഥാക്രമം മത്സരത്തിലെ ഒന്നും രണ്ടും റണ്ണർ അപ്പുകൾ. കോഡ്‌വിറ്റ പ്രോഗ്രാമിംഗിനെ ഒരു സ്‌പോർട്‌സ് എന്ന നിലയിൽ ആണ് കാണുന്നത്. പങ്കെടുക്കുന്നവരെ അവരുടെ കഴിവുകൾ പരസ്പരം എതിർത്ത് പോരാടി ജയിക്കാനും ഇത് പ്രോത്സാഹിപ്പിക്കുന്നു.
Post Your Comments