കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും തമ്മിലുളള ബന്ധം മൂലമാണ് റിയാസിന് അധികാരങ്ങൾ കിട്ടിയതെന്ന് മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എം ഷാജി. പൊതുമരാമത്ത് – ടൂറിസം വകുപ്പും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വവും മുഖ്യമന്ത്രി മരുമകന് സ്ത്രീധനമായി കൊടുത്തതാണെന്നാണ് കെ എം ഷാജിയുടെ ആരോപണം.
‘ഡിവെെഎഫ്ഐ സ്ത്രീധനത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നു. എന്നാൽ സ്വന്തം മരുമകന് പൊതുമരാമത്ത് വകുപ്പും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗത്വവും സ്ത്രീധനമായി നൽകിയ മുഖ്യമന്ത്രിയാണ് ഇവിടെയുളളത്,’ കെ എം ഷാജി പറഞ്ഞു. കണ്ണൂർ കൂത്തുപറമ്പിൽ നടന്ന കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ അനുസ്മരണ ചടങ്ങിൽ സംസാരിക്കവെയാണ് ഷാജിയുടെ പരാമർശം.
അനുസ്മരണ ചടങ്ങിൽ ഷാജി പ്രധാനമായും വിമർശിച്ചത് സർക്കാരിനെയും ഡിവെെഎഫ്ഐയെയുമാണ്. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചാണ് പിഎ മുഹമ്മദ് റിയാസ് മന്ത്രിയായത്. ഇക്കഴിഞ്ഞ പാർട്ടി സമ്മേളനത്തിലാണ് ഇദ്ദേഹത്തെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാക്കിയത്. അതേസമയം, പികെ കുഞ്ഞാലിക്കുട്ടി മുൻ മന്ത്രി കെടി ജലീലിന്റെ മക്കളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തതിലുള്ള പരോക്ഷ വിമർശനവും ഷാജി നടത്തി.
Post Your Comments