തലയിൽ താരനുണ്ടെങ്കിൽ പിന്നെ സൗന്ദര്യപ്രശ്‌നങ്ങൾ കൂട്ടത്തോടെ വരാൻ തുടങ്ങും. മുടിപൊഴിച്ചിൽ, നെറ്റിയിലും തോളിലുമൊക്കെയായി പ്രത്യക്ഷപ്പെടുന്ന ചെറിയ കുരുക്കൾ എന്നിവയൊക്കെ താരന്റെ ഭാഗമാണ്. എന്നാൽ, താരൻ വരുന്നതിൽ കാലാവസ്ഥയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച്, താരന്റെ അളവിലും ഗണ്യമായ മാറ്റങ്ങൾ കാണാറുണ്ട്.
മഴക്കാലത്താണ് താരൻ മിക്കവർക്കും വില്ലനാകുന്നത്. മഴ സമയങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായിരിക്കും. അതിന്റെ ഭാഗമായി തലയോട്ടിയിലെ ചർമ്മം വരണ്ടു പോകുന്നു. ഇങ്ങനെയാണ് മഴക്കാലത്ത് താരൻ കൂടുന്നത്. ഇതിന് പുറമെ, പതിവായി മുടിയിൽ തേക്കുന്ന എണ്ണ, ക്രീം, മറ്റ് ഹെയർ പ്രോഡക്ടുകൾ എന്നിവയും താരന് വഴിവക്കും എന്നാണ് വിദഗ്ധർ പറയുന്നത്.
ഇത് ഒഴിവാക്കാൻ ചില മുൻ കരുതലുകൾ നമുക്ക് സ്വീകരിക്കാവുന്നതാണ്. ഒരു പരിധി വരെ ഇത് താരനിൽ നിന്ന് രക്ഷ നേടാൻ സഹായകമായേക്കും. മഴക്കാലങ്ങളിൽ ദിവസവും തല നന്നായി കഴുകി വൃത്തിയാക്കാക്കുക. ഇതിന് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കാം. അതുപോലെ താരനകറ്റാൻ വേണ്ടിയുള്ള ഷാമ്പൂവും ലഭ്യമാണ്. അത്തരത്തിലുള്ളവയും പരീക്ഷിക്കാം. ഷാമ്പൂവിട്ട് മുടി കഴുകുന്നതിന് മുമ്പ് അൽപ്പം വെളിച്ചെണ്ണയെടുത്ത് തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കണം. മുടിയിൽ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നതെങ്കിൽ ചെറുതായി ഒന്ന് ചൂടാക്കിയ ശേഷം തലയിൽ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യാം. തലയോട്ടി നല്ലപോലെ ഒന്ന് തണുത്തതിന് ശേഷം മാത്രം തല നനയ്ക്കുക. എന്നാൽ, ദിവസവും മുടിയിൽ എണ്ണ തേക്കണമെന്നില്ല. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം എണ്ണ പുരട്ടുന്നതാണ് നല്ലത്. ഒരു കാരണവശാലും തലയോട്ടിയിലെ ചർമ്മം വരണ്ടതാക്കി മാറ്റുന്ന തരത്തിലുള്ള ഷാമ്പൂകൾ ഉപയോഗിക്കരുത്. ഇത് താരൻ ശല്യം വീണ്ടും വർദ്ധിക്കാൻ കാരണമാകും. അതുപോലെ, ആദ്യം സൂചിപ്പിച്ചതനുസരിച്ച്, എപ്പോഴും മഴക്കാലങ്ങളിൽ മുടി വൃത്തിയായി കൊണ്ടുനടക്കുക. നന്നായി ഉണങ്ങി എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ മുടി കെട്ടി വയ്ക്കാവൂ.
Post Your Comments