കായംകുളം: അന്തർ സംസ്ഥാന ബസിൽ മയക്കുമരുന്നുമായി എത്തിയ യുവതിയും യുവാവും കായംകുളത്ത് പിടിയിലായി. കായംകുളം സ്വദേശികളായ അനീഷ് (24) ആര്യ (19) എന്നിവരാണ് സിന്തറ്റിക് മയക്കുമരുന്നുമായി പിടിയിലായത്. പോലീസും ഡാൻസാഫും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 70 ഗ്രാം എം.ഡി.എം.എ പിടികൂടി. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ മൂന്നര ലക്ഷത്തോളം വില വരുമെന്ന് പോലീസ് പറഞ്ഞു.
ഗോവയിൽ നിന്നും മുംബൈയിൽ നിന്നും സിന്തറ്റിക് മയക്കുമരുന്ന് കടത്തുന്നവരെക്കുറിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനിടെയാണ് ബസിൽ മയക്കുമരുന്നുമായി എത്തിയ രണ്ടു പേരും പിടിയിലായത്. മാസത്തിൽ രണ്ടോ മൂന്നോ തവണ സംസ്ഥാനത്തിന് പുറത്തുപോയി മയക്കുമരുന്ന് കൊണ്ടുവരാറുണ്ടെന്ന് ചോദ്യം ചെയ്യലിൽ അനീഷ് വെളിപ്പെടുത്തി.
അറസ്റ്റിലായ അനീഷ് വധശ്രമക്കേസിലെ പ്രതിയാണ്. ഇവരുമായി ഇടപാട് നടത്തിയവരെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി എം.കെ ബിനുകുമാറിന്റെയും കായംകുളം ഡി.വൈ.എസ്.പി അലക്സ് ബേബിയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐമാരായ ശ്രീകുമാർ, മുരളീധരൻ, എസ്.സി.പി.ഒമാരായ റെജി, അനുപ്, നിസാം, സി.പി.ഒമാരായ ജോളി, റെസീന, അരുൺ ഡാൻസാഫ് അംഗങ്ങളായ എസ്.ഐ ഇല്യാസ്, എ.എസ്.ഐമാരായ സന്തോഷ്, ജാക്സൺ, സി.പി.ഒമാരായ ഉല്ലാസ്, ഷാഫി, എബി, സിദ്ദീഖ്, പ്രവീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Post Your Comments