ടെക്‌സാസ്: യു.എസിനെ ഞെട്ടിച്ച് ടെക്‌സാസിലെ ഒരു എലിമെന്ററി സ്‌കൂളിൽ വെടിവെയ്പ്പ്. മെയ് 24 ചൊവ്വാഴ്‌ച 19 വിദ്യാർത്ഥികളെയും രണ്ട് അധ്യാപകരെയും 18 വയസ്സുകാരൻ വെടിവെച്ചു കൊന്നു. സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷമാണ് 18 കാരൻ സ്‌കൂളിലെത്തിയത്. കൊലയാളിയായ 18 കാരനെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. 2,3,4 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് കൊലയാളിയായ സാൽവദോർ റമോസ് കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച പ്രാദേശിക സമയം 11.32-ഓടെയാണ് സംഭവം. ഉവാൾഡിലുള്ള റോബ് എലിമെന്‍ററി സ്കൂളിന് സമീപം വാഹനം ഇടിച്ചുനിർത്തിയ ശേഷം അക്രമി സ്‌കൂളിലേക്ക് കയറുകയായിരുന്നു. റമോസിന്റെ കൈവശം കൈത്തോക്കുകൾ ഉണ്ടായിരുന്നു. സ്‌കൂൾ ഗേറ്റ് കടന്നതും പ്രതി മുന്നിൽ കണ്ടവർക്ക് നേരെ വെടിയുതിർത്തു. കുട്ടികളും അധ്യാപകരുമടക്കം 21 പേർ പിടഞ്ഞുവീണു. ബുള്ളറ്റ് പ്രൂഫ് വസ്ത്രം പോലെയുള്ള ജാക്കറ്റ് ധരിച്ചായിരുന്നു റമോസ് വെടിവെയ്പ്പ് ആരംഭിച്ചത്. ഇയാൾ പൊലീസിന് നേരെയും വെടിയുതിർത്തു. നിരവധി പൊലീസുകാർക്ക് സംഭവത്തിൽ പരിക്കേറ്റു. ഒടുവിൽ സംഭവസ്ഥലത്ത് വച്ചു തന്നെ പ്രതിയെ കൊലപ്പെടുത്തി.
യു.എസിൽ തോക്ക് ഉപയോഗത്തിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി. ചിക്കാഗോ പ്രദേശത്ത് ഒരു തോക്കുധാരി വഴിയാത്രക്കാർക്ക് നേരെ വെടിയുതിർത്ത് രണ്ട് പേരെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ചൊവ്വാഴ്‌ച നടന്ന കൂട്ട വെടിവയ്‌പ്പ് സമീപകാല സംഭവങ്ങളുടെ ഏറ്റവും പുതിയ സംഭവമാണ്.
Post Your Comments