കാബൂൾ: താലിബാന് ഉത്തരവ് പാലിച്ച് വനിതാ ടെലിവിഷന്‍ അവതാരകര്‍. വനിതാ അവതാരകർ മുഖം മറച്ച് പരിപാടികള്‍ അവതരിപ്പിക്കണമെന്ന താലിബാന്റെ ഉത്തരവാണ് ഒടുവിൽ അവതാരകര്‍ അംഗീകരിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചടക്കിയ അന്നുമുതല്‍ സ്ത്രീകളോടുള്ള വിവേചനപരമായ നടപടികളുമായി മുന്നോട്ടു പോവുകയാണ് താലിബാന്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കല്‍, പാര്‍ക്കുകളില്‍ പ്രവേശനം നിഷേധിക്കൽ തുടങ്ങിയ നിരവധി സ്ത്രീവിരുദ്ധമായ ഉത്തരവുകള്‍ പുറത്തു വന്നിരുന്നു.
ഈ മാസം ആദ്യം, നേതാവ് ഹിബത്തുള്ള അഖുൻസാദ, സ്ത്രീകള്‍ പൊതുസ്ഥലത്ത് പരമ്പരാഗത ബുര്‍ഖ ധരിച്ച് മുഖം ഉൾപ്പടെ പൂര്‍ണ്ണമായും മറയ്ക്കാന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്ച മുതല്‍ സര്‍ക്കാര്‍ ഉത്തരവ് പാലിക്കണമെന്ന് ബന്ധപ്പെട്ട മന്ത്രാലയം ടി.വി അവതാരകരോട് ഉത്തരവിട്ടു. എന്നാല്‍, വനിതാ അവതാരകര്‍ ഉത്തരവ് ലംഘിച്ചുകൊണ്ട് പരിപാടി സംപ്രേക്ഷണം ചെയ്യുകയായിരുന്നു. പിന്നാലെ, മുന്നറിയിപ്പുമായി താലിബാന് രംഗത്തെത്തിയിരുന്നു.
തുടർന്ന്, ടോളോ ന്യൂസ്, അരിയാന ടെലിവിഷന്‍, ഷംഷദ് ടി.വി. വണ്‍ ടി.വി തുടങ്ങിയ പ്രമുഖ ചാനലുകളില്‍ വനിതാ അവതാരകര്‍ മുഖം മറച്ചുകൊണ്ട് രാവിലെ വാര്‍ത്താ ബുള്ളറ്റിനുകളിൽ പ്രത്യക്ഷപ്പെട്ടു. തങ്ങള്‍ മുഖം മറയ്ക്കുന്നതിന് എതിരായിരുന്നുവെന്ന് ടോളോ ന്യൂസിന്റെ അവതാരകയായ സോണിയ നിയാസി പറഞ്ഞു. എന്നാല്‍, ചാനല്‍ അധികൃതർ തങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും മുഖം മറയ്ക്കാതെ സ്ക്രീനില്‍ വന്നാല്‍ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് അവര്‍ പറഞ്ഞുവെന്നും സോണിയ പറഞ്ഞു.
Post Your Comments