ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കിഴക്കൻ ലഡാക്കിലെ പാംഗോങ് ത്സോ തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിർമ്മിക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. ദേശീയ സുരക്ഷയിലും അഖണ്ഡതയിലും വിട്ടുവീഴ്ച പാടില്ലെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. സംഭവത്തിൽ, സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
‘ചൈന പാങ്കോങ്ങിൽ ആദ്യ പാലം നിർമ്മിക്കുന്നു. ചൈന പാങ്കോങ്ങിൽ രണ്ടാമത്തെ പാലം നിർമ്മിക്കുന്നു, ദേശീയ സുരക്ഷയിലും അഖണ്ഡതയിലും വിട്ടുവീഴ്ച പാടില്ല. ഭീരുത്വ, ശാന്ത പ്രതികരണം മതിയാവില്ല, പ്രധാനമന്ത്രി രാജ്യത്തെ സംരക്ഷിക്കണം’- രാഹുൽ ട്വീറ്റ് ചെയ്തു.
അതേസമയം, കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയും കേന്ദ്രത്തെ വിമർശിച്ചിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്ന കേന്ദ്ര നിലപാട് ഭയാനകമാണെന്ന് സുർജേവാല ആരോപിച്ചു. ഇന്ത്യയുടെ പ്രാദേശിക അഖണ്ഡത ലംഘിക്കുന്നത് ചൈന തുടരുകയാണ്. നരേന്ദ്രമോദി ഭരണകൂടം രാജ്യത്തിൻ്റെ മണ്ണ് കൈവിടുകയാണെന്ന് കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
Post Your Comments