KeralaLatest News

രാഹുലിനും രഞ്ജിത്തിനും ഒടുവിൽ വീടായി: അച്ഛനമ്മമാര്‍ ഉറങ്ങുന്ന മണ്ണില്‍ തന്നെ!

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കാനുള്ള പോലീസിന്റെ ശ്രമങ്ങളെ ചെറുക്കുന്നതിനിടെയുള്ള ആത്മഹത്യാ ശ്രമത്തിനൊടുവിൽ തീപ്പൊള്ളലേറ്റ് മരിച്ച രാജനേയും അമ്പിളിയേയും കേരളക്കരക്ക് അത്രപെട്ടെന്ന് മറക്കാനാകില്ല. 2020 ഡിസംബര്‍ 22നായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത രാജനും കുടുംബവും നെട്ടത്തോട്ടം കോളനിയിലെ അവകാശികളില്ലെന്ന് കരുതിയ സ്ഥലത്ത് കുടില്‍ കെട്ടി താമസിക്കുകയായിരുന്നു.

എന്നാല്‍, അയല്‍വാസിയായ സ്ത്രീ ഈ സ്ഥലത്തില്‍ അവകാശമുന്നയിച്ച്‌ കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി ഉത്തരവുമായി രാജനേയും അമ്പിളിയേയും ഒഴിപ്പിക്കാന്‍ എത്തിയതായിരുന്നു പോലീസുകാര്‍. കീഴ്‌ക്കോടതി ഉത്തരവിനെതിരെ രാജന്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയിരുന്നു. ഇതിന്റെ പകര്‍പ്പ് പോലീസിന് മുന്നില്‍ ഹാജരാക്കാന്‍ അവര്‍ക്ക് ആയിരുന്നില്ല. ഇതിനിടെ ദമ്പതികള്‍ പെട്രോള്‍ ഒഴിച്ച്‌ തീവെയ്‌ക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാപിതാക്കളുടെ മൃതദേഹം അടക്കം ചെയ്യുന്നതിനായി അതേ ഭൂമിയിയില്‍ കുഴിയെടുത്ത മകനെ പോലീസുകാര്‍ തടയാന്‍ ശ്രമിക്കുമ്പോള്‍ പോലീസിന് നേരെ വിരല്‍ ചൂണ്ടി സംസാരിച്ച സംഭവം മനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ അച്ഛനമ്മമാരുടെ ഓര്‍മ്മകളുറങ്ങുന്ന മണ്ണില്‍ രാഹുലിനും അനുജന്‍ രഞ്ജിത്തിനും വീടായിരിക്കുകയാണ്.

വീടിന്റെ ഗൃഹപ്രവേശം ഈ മാസം 30ന് നടക്കും. ചാലക്കുടി ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ഫിലോകോലിയയുടെ സാമ്പത്തിക സഹായത്തോടെയാണ് ഇവര്‍ വീട് വെച്ചത്. വീടായെങ്കിലും ഇവര്‍ക്ക് ഈ ഭൂമി ലഭിക്കാനായി ഹൈക്കോടതിയില്‍ ഇനിയും നിയമപോരാട്ടം നടത്തേണ്ടതായി വരും. രാഹുല്‍ നിലവില്‍ നെല്ലിമൂട് സഹകരണ ബാങ്കിന്റെ കണ്‍സ്യൂമര്‍ സ്‌റ്റോറില്‍ സെയില്‍സ്മാനാണ്.

 

shortlink

Post Your Comments


Back to top button