ന്യൂഡൽഹി: കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഒഴിഞ്ഞ് കിടന്ന എൻ.ആർ.ഐ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റിയതിനെതിരായ ഹർജികൾ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ തള്ളിയത്. ഒഴിഞ്ഞ് കിടക്കുന്ന എൻ.ആർ.ഐ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റുമെന്ന് പ്രോസ്പെക്ടസിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രോസ്പെക്ടസിലെ ഈ വ്യവസ്ഥ ആരും കോടതിയിൽ ചോദ്യം ചെയ്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
ഈ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റാൻ സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണർക്ക് അധികാരമില്ലെന്നാണ് ഹർജിക്കാർ കോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ, ഈ വിഷയം നിലവിൽ ഭരണഘടന ബെഞ്ചിന്റെ പരിഗണനയിൽ ആണെന്ന് കോടതി വ്യക്തമാക്കി.
തൊടുപുഴയിലെ അൽ അസർ മെഡിക്കൽ കോളേജ്, പാലക്കാട് കരുണ മെഡിക്കൽ കോളേജ് എന്നീ കോളേജുകളും 38 എൻ.ആർ.ഐ വിദ്യാർത്ഥികളുമാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.
Post Your Comments