കൊച്ചി : കോരിച്ചൊരിയുന്ന മഴയിൽ ആവേശം ഒട്ടും ചോരാതെയാണ് രാവിലെ പാലച്ചുവട് മേഖലയിലെ പ്രവർത്തകർ കുമ്മനം രാജശേഖരനേയും സ്ഥാനാർത്ഥിയെയും സ്വീകരിച്ചത്. പ്രദേശത്തെ കീ വോട്ടർമാരെയും വ്യാപാരികളേയും എ എൻ രാധാകൃഷ്ണനും കുമ്മനവും ചേർന്ന് സന്ദർശിച്ചു. പ്രത്യേകം തയ്യാറാക്കിയ കുടകളും തൊപ്പികളുമായി ആയിരുന്നു മഴയത്തുള്ള പ്രചരണം. പ്രചരണത്തിനിടെ ഉപ തെരഞ്ഞെടുപ്പ് റിസൾട്ട് വന്നതോടെ പ്രവർത്തകർ ഏറെ ആവേശത്തിലായി. എ എൻ രാധാകൃഷ്ണൻ കുമ്മനം രാജശേഖരന് മധുരം നൽകി വിജയം ആഘോഷിച്ചു.
ഈ വിജയം എൽഡിഎഫ്- യുഡിഎഫ് ഒത്തുകളിക്കുള്ള ശിക്ഷയാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. അതേസമയം, പാലാരിവട്ടത്ത് നടന്ന ആഹ്‌ളാദ പ്രകടനത്തിന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് നേതൃത്വം നൽകിയത്. ഈ മാസം 31 ന് നടക്കുന്ന ഉപ തെരഞ്ഞെടുപ്പിൽ ജനം എങ്ങനെ ചിന്തിക്കുമെന്നതിന്റെ ഉദാഹരണമാണ് കൊച്ചി കോർപ്പറേഷനിലേയും തൃപ്പുണിത്തുറ നഗരസഭയിലേയും വിജയമെന്ന് സുരന്ദ്രൻ പറഞ്ഞു.
വിജയികളായ കൊച്ചി കോർപ്പറേഷൻ 62 -ാം സൗത്ത് ഡിവിഷൻ പത്മജ എസ്. മേനോൻ, തൃപ്പുണിത്തുറ 11-ാം ഡിവിഷൻ ഇളമന തോപ്പിൽ വള്ളി രവി, തൃപ്പൂണിത്തുറ 46ാം ഡിവിഷനിൽ പിഷാരി കോവിൽ രതി രാജു എന്നിവരെ കെ സുരേന്ദ്രനും മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും, എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണനും ചേർന്ന് ഹാരാർപ്പണം നടത്തിയാണ് സ്വീകരിച്ചത്.
പരിപാടിയിൽ ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംസ്ഥാന സെക്രട്ടറി എസ് സുരേഷ്, ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ , ജില്ല ജനറൽ സെക്രട്ടറി അഡ്വ. ഷൈജു, ബ്രഹ്മ രാജ്, മണ്ഡലം പ്രസിഡന്റുമാരായ ലത ഗോപിനാഥ്, ഷിബു ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments