Latest NewsIndia

വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ തുടരാമെന്ന് കോടതി: സര്‍വേയ്ക്ക് നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണറെ മാറ്റില്ല

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ കാലഘട്ടത്തില്‍, സ്ഥലത്തുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചു പള്ളി നിര്‍മ്മിച്ചുവെന്ന വിവാദം തുടരുന്നതിനിടെയാണ്, വിഷയം കോടതി പരിഗണിക്കുന്നത്.

ലക്‌നൗ: ഉത്തര്‍പ്രദേശ് വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ തുടരാമെന്ന് വാരണാസി സിവില്‍ കോടതി. ഗ്യാന്‍വാപി സര്‍വേയ്ക്ക് നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണറെ മാറ്റണമെന്ന ആവശ്യം കോടതി തള്ളി. അഡ്വക്കേറ്റ് കമ്മിഷണര്‍ അജയ്കുമാര്‍ മിശ്രയെ മാറ്റണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. അഡ്വക്കേറ്റ് കമ്മീഷണര്‍ പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മസ്ജിദ് കമ്മിറ്റി അജയ് കുമാര്‍ മിശ്രയെ മാറ്റണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നത്.

മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച അപേക്ഷയില്‍ ഇന്നലെ വാദമുഖങ്ങള്‍ പൂര്‍ത്തിയായിരുന്നു. തര്‍ക്കപ്രദേശത്ത് പ്രാര്‍ത്ഥനയ്ക്ക് അനുവദിക്കണമെന്ന നാല് സ്ത്രീകളുടെ ഹര്‍ജിയിലാണ്, സിവില്‍ കോടതി ജഡ്ജി രവികുമാര്‍ ദിവാകര്‍, അജയ്കുമാര്‍ മിശ്ര എന്ന അഭിഭാഷകനെ അഡ്വക്കേറ്റ് കമ്മീഷണറായി നിയമിച്ചത്. ഈ മാസം പതിനേഴോടെ സര്‍വേ പൂര്‍ത്തിയാക്കണം എന്ന് വാരണാസി സിവില്‍ കോടതി നിര്‍ദ്ദേശിച്ചു.

വാരണാസി കോടതി ഗ്യാൻവാപി പള്ളി പരിസരത്തിന്റെ വീഡിയോഗ്രാഫിക് സർവേയ്‌ക്ക് അനുമതി നൽകിയത് കടുത്ത എതിർപ്പിനെത്തുടർന്ന്, ദിവസങ്ങൾക്കുശേഷം ഉപേക്ഷിക്കേണ്ടിവന്നു. പള്ളിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന വീഡിയോ ചിത്രീകരണം 1991ലെ ആരാധനാലയ നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐഐസിഎഫ്) പ്രസ്താവിക്കുകയും ഇക്കാര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഗ്യാൻവാപി മസ്ജിദിന്റെ പുറം ഭിത്തിയിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവതകളെ ദിവസേന ആരാധിക്കണമെന്ന് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. നിലവിൽ, ചൈത്ര നവരാത്രിയിൽ മാത്രമാണ് ഭക്തർക്ക് ശൃംഗാർ ഗൗരി ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പണ്ടു മുതലേ ശൃംഗാർ ഗൗരി സ്ഥലത്തുണ്ടായിരുന്നു എന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജി സമർപ്പിച്ചത്. കാശി വിശ്വനാഥ ക്ഷേത്രത്തിന് വേണ്ടി ഹാജരായ ഹർജിക്കാർ മസ്ജിദ് സ്ഥിതി ചെയ്യുന്നത് ഹിന്ദുക്കളുടെ ഭൂമിയിലാണെന്ന് അവകാശപ്പെട്ടമ്പോൾ അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് ഇതിനെതിരെ വാദിച്ചു.

സർവേയ്‌ക്കെതിരെ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി ഞായറാഴ്ച ജില്ലാ കോടതിയെ സമീപിച്ചു. നിലവിലെ കോടതി കമ്മീഷണർ അജയ് കുമാർ മിശ്രയെ മാറ്റാനും ആവശ്യപ്പെട്ടു. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ കാലഘട്ടത്തില്‍, സ്ഥലത്തുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചു പള്ളി നിര്‍മ്മിച്ചുവെന്ന വിവാദം തുടരുന്നതിനിടെയാണ്, വിഷയം വാരണാസി സിവില്‍ കോടതി പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button