കാർഗിൽ യുദ്ധത്തിൽ 17,000 അടി ഉയരെ ടൈഗർഹിൽ പിടിച്ചെടുത്ത, പാക്ക് സൈനികരെ തുരത്തിയ യോഗേന്ദ്ര സിങ് യാദവ് എന്ന ഇന്ത്യൻ പട്ടാളക്കാരനെ മറക്കാൻ കഴിയുമോ? കാർഗിൽ യുദ്ധത്തിൽ ഇന്ത്യയുടെ വിജയം വേഗത്തിലാക്കിയ സൈനികൻ യോഗേന്ദ്ര സിങ് യാദവിന്റെ നാല്പത്തിയൊന്നാം പിറന്നാൾ ആണിന്ന്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ ഔറംഗബാദ് അഹിർ ഗ്രാമത്തിൽ 1980 മെയ് 10 നാണ് യോഗേന്ദ്ര സിംഗ് യാദവ് ജനിച്ചത്. ക്ഷത്രിയ യാദവ് കുടുംബത്തിലെ അംഗവും പട്ടാളക്കാരനുമായ കരൺ സിംഗ് യാദവ് ആണ് പിതാവ്.
17 വെടിയുണ്ടകളേറ്റിട്ടും യാദവ് വീഴാതെ പാക്ക് സൈനികരെ തുരത്തിയതാണു 1999ൽ കാർഗിൽ യുദ്ധത്തിൽ ഇന്ത്യയുടെ വിജയം വേഗത്തിലാക്കിയത്. കാർഗിൽ യുദ്ധം നടക്കുമ്പോൾ കരസേനയിലെ റാങ്ക് ക്രമത്തിൽ ഏറ്റവും താഴെയുള്ള ശിപായി തസ്തികയിലായിരുന്നു 19 വയസുകാരൻ യോഗേന്ദ്ര യാദവ്.
read also: ‘ആരും നിന്നെ ഉപദ്രവിക്കില്ല, ഞാൻ വീടിനു പുറത്ത് കാവൽ നിൽക്കും’ അബ്ബയെക്കുറിച്ചു തൻവി ആസ്മി
വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം അവധി റദ്ദാക്കി യുദ്ധമുഖത്തേക്കു പോകേണ്ടിവന്ന ഈ പട്ടാളക്കാരൻ ഇന്ന് ഇന്ത്യയുടെ അഭിമാനമാണ്. കാർഗിൽ യുദ്ധ സമയത്ത്, 30 സൈനികർ ഉൾപ്പെട്ട ഘതക് പ്ലറ്റൂണ്‍ ടീമിൽ ഗ്രനേഡിയർ ആയിരുന്നു യാദവ്. ടൈഗർഹില്‍ പിടിച്ചെടുത്ത പാക്ക് സൈനികർ ബങ്കറുകൾ സ്ഥാപിച്ച് ഇന്ത്യൻ സൈനികർക്കുമേൽ വെടിയുതിർത്തു. മെഷീൻ ഗൺ ഫയറിൽ 9 ഇന്ത്യൻ സൈനികർ വെടിയേറ്റു വീണു. മുന്നിലെ കൂറ്റൻ മഞ്ഞുമതിൽ താണ്ടി പാക്ക് ബങ്കറുകൾക്കു സമീപമെത്തി അതിനെ തകർക്കാൻ സ്വയം സന്നദ്ധനായ യാദവിന്റെ ശരീരത്തിൽ പതിച്ചത് 17 വെടിയുണ്ടകൾ. എന്നാൽ, തളർന്നു വീഴാതെ ഐസ് ആക്സ് ഉപയോഗിച്ചു മഞ്ഞുമതിലിൽ അള്ളിപ്പിടിച്ചു കയറി, നിലത്തുകൂടി ഉരുണ്ട് യാദവ് ശത്രുക്കൾക്കു നേരെ വെടിയുതിർത്തു. 2 ഗ്രനേഡുകളെറിഞ്ഞു ബങ്കർ തകർത്തു. ഈ സമയം, സഹസൈനികർ മുകളിലെത്തിയിരുന്നു. ടൈഗർഹിൽ ഇന്ത്യൻ സൈന്യം പിടിച്ചെടുത്തു, കാർഗിലിൽ യുദ്ധം വിജയിച്ചു.
അധികമാർക്കും സ്വന്തമാക്കാൻ കഴിയാത്ത നേട്ടങ്ങൾ യോഗേന്ദ്ര യാദവിനുണ്ട്. പരംവീർ ചക്ര ജേതാക്കളിൽ സൈനിക സേവനം തുടരുന്ന രണ്ടുപേരിൽ ഒരാൾ ആയിരുന്നു യാദവ് അടുത്തകാലം വരെ. 2021 ഡിസംബർ 31-നാണ് ഓണററി ക്യാപ്റ്റൻ റാങ്കിൽ അദ്ദേഹം സൈന്യത്തിൽ നിന്ന് വിരമിച്ചു. നയിബ് സുബേദാർ സഞ്ജയ് കുമാർ ആണു രണ്ടാമൻ.
യാദവിന് പരംവീർ ചക്ര പുരസ്കാരം പ്രഖ്യാപിച്ചത് മരണാനന്തര ബഹുമതിയായാണ്. കാർഗിലിൽ വീരമൃത്യു വരിച്ചവരുടെ പട്ടികയിൽ യോഗേന്ദ്ര സിങ് യാദവ് എന്ന പേരിൽ മറ്റൊരു സൈനികൻ കൂടിയുണ്ടായിരുന്നതാണ് ഇത്തരം ഒരു പിശകിനു കാരണമായത്. തെറ്റ് തിരിച്ചറിഞ്ഞയുടൻ തിരുത്തി.
കാർഗിൽ യുദ്ധത്തിനു ശേഷം, ആർമി ഹെഡ് ക്വാർട്ടേഴ്സിൽ പുതിയതലമുറയിലെ സൈനികർക്കു മനോവീര്യം നൽകുന്ന ചുമതലയായിരുന്നു യാദവിനുണ്ടായിരുന്നത്. 17 വെടിയുണ്ടകളേറ്റതിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ ഇന്നും യാദവിനുണ്ട്.
യാദവിന്റെ ജീവിതം ആധാരമാക്കി 2 സിനിമകൾ പ്രദർശനത്തിനെത്തി. കാർഗിലിലെ ടൈഗർഹിൽ മോചിപ്പിക്കാൻ നടത്തിയ സൈനിക നടപടിയെക്കുറിച്ച് ഋത്വിക് റോഷനെ നായകനാക്കി ഒരുക്കിയ ലക്ഷ്യ, ഘതക് പ്ലറ്റൂണിനെക്കുറിച്ച് എൽഒസി കാർഗിൽ എന്നിവയാണവ. കാർഗിൽ എന്ന ചിത്രത്തിൽ യാദവിന്റെ വേഷം അഭിനയിച്ചത് മനോജ് ബാജ്പേയി ആണ്.
Post Your Comments