വാരണാസി: ഗ്യാന്‍വാപി മുസ്ലിം പള്ളിക്ക് സമീപം, തകര്‍ക്കപ്പെട്ട പുരാതന സ്വസ്തികകള്‍ കണ്ടെത്തി. വാരണാസിയിലെ ഗ്യാന്‍വാപി-ശൃംഗാര്‍ ഗൗരി കോംപ്ലക്‌സിൽ, ഗ്യാന്‍വാപി മസ്ജിദിന് സമീപത്തു നടത്തിയ സര്‍വ്വേയിലാണ് പുരാതന സ്വസ്തികകളുടെ അടയാളങ്ങള്‍ കണ്ടെത്തിയത്. ഇതേത്തുടർന്ന്, മുസ്ലിം വിശ്വാസികൾ പ്രതിഷേധം നടത്തുകയും അഭിഭാഷകരുടെ സംഘത്തിന് പള്ളിക്കുള്ളില്‍ പ്രവേശനം നിഷേധിക്കുകയും ചെയ്തു.
നേരത്തെ, ഗ്യാന്‍വാപി മസ്ജിദിന്റെ പുറം ഭിത്തിയില്‍ കാണപ്പെട്ട ഹിന്ദു ദേവതാ വിഗ്രഹങ്ങളില്‍ ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് , ഡല്‍ഹി ആസ്ഥാനമായുള്ള രാഖി സിംഗ്, ലക്ഷ്മി ദേവി, സീതാ സാഹു തുടങ്ങിയർ കോടതിയെ സമീപിച്ചിരുന്നു. ഇവർ നൽകിയ ഹര്‍ജിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം, ഗ്യാന്‍വാപി മസ്ജിദിന് പുറത്തുള്ള സ്ഥലങ്ങളിലെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനും, സര്‍വ്വേ നടത്തുന്നതിനും വാരണാസി കോടതി ഉത്തരവിടുകയായിരുന്നു.
കോടതി നിയോഗിച്ച ഉദ്യോഗസ്ഥനും അഭിഭാഷക സംഘവുമാണ് സര്‍വ്വേ നടത്തുന്നതിനിടയില്‍ പള്ളിക്ക് പുറത്ത് പുരാതനവും എന്നാല്‍, വ്യക്തവുമായ രണ്ട് സ്വസ്തികകള്‍ കണ്ടതായി വെളിപ്പെടുത്തിയത്. സ്വസ്തികകള്‍ പുരാതന കാലത്ത് വരച്ചതായിരിക്കാമെന്നും സംഘം വ്യക്തമാക്കി. ഇതേത്തുടർന്ന്, മുസ്ലിം മത വിശ്വാസികൾ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. പ്രതിഷേധങ്ങള്‍ക്കിടയില്‍ സര്‍വ്വേ തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദ്ദേശം നൽകി.
കോടതി നിയോഗിച്ച അഭിഭാഷകരും വീഡിയോഗ്രാഫര്‍മാരും അടങ്ങുന്ന സര്‍വ്വേ സംഘം, പള്ളിക്കു സമീപത്തെത്തിയപ്പോള്‍ നൂറോളം പേര്‍ ചേർന്ന് തടയുകയായിരുന്നു. അതേസമയം, കോടതി നിയോഗിച്ച കമ്മീഷണറില്‍ വിശ്വാസമില്ലെന്നും സര്‍വ്വേയ്ക്കു മേല്‍നോട്ടം വഹിക്കാന്‍, മറ്റൊരു കോടതി കമ്മീഷണറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി കോടതിയെ സമീപിച്ചു.
Post Your Comments