
കോഴിക്കോട്: ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തില്‍ പാവണ്ടൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍നിന്ന് താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരുമാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നൽകിയത്.
ശ്വാസം മുട്ടിച്ചാണോ അതോ വിഷ പദാര്‍ത്ഥങ്ങള്‍ ഉളളില്‍ ചെന്നാണോ റിഫയ്ക്ക് മരണം സംഭവിച്ചത് എന്നറിയാൻ ആന്തരികാവയവങ്ങൾ രാസ പരിശോധന നടത്തും. തലയോട്ടിക്കുള്‍പ്പടെ ക്ഷതം സംഭവിച്ചോയെന്നും കണ്ടെത്തേണ്ടതുണ്ട്. ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച ശേഷം മൃതദേഹം മറവ് ചെയ്യാന്‍ വിട്ടുനല്‍കി. എംബാം ചെയ്തതിനാല്‍ മൃതദേഹം കാര്യമായി അഴുകിയിരുന്നില്ല.
ജാഫിലിയയിലെ താമസ സ്ഥലത്ത് മാർച്ച് ഒന്നിന് പുലർച്ചെയാണ് റിഫ മെഹ്നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മെഹ്നാസും സുഹൃത്തുമാണ് മൃതദേഹം ആദ്യം കാണുന്നത്. ദുബായിൽ പോസ്റ്റ്മോർട്ടം നടത്താതിരുന്നത് ദുരൂഹമാണെന്നും ഇവിടെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഭര്‍ത്താവ് മെഹ്നാസ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും റിഫയുടെ കുടുംബം ആരോപണമുയർത്തിയിട്ടുണ്ട്. റിഫയുടെ കുടുംബം പോലീസിൽ നല്കിയ പരാതിയെ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
Post Your Comments