Latest NewsKeralaNews

2600 കോഴിക്കടകള്‍: ലൈസൻസ് ഉള്ളത് വെറും അഞ്ചു ശതമാനം: സര്‍വ്വത്ര അഴിമതി

കണ്ണൂർ: കോഴിക്കടകൾ തുടങ്ങുന്നതിന് കർശനമായ ചട്ടങ്ങളും വ്യവസ്ഥയുമുണ്ടെങ്കിലും അതൊന്നും കേരളത്തിൽ നടപ്പാവുന്നില്ലെന്നുള്ളതാണ് സത്യം. കേരളത്തിൽ 26,000 കോഴിക്കടകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാല്‍, അതിൽ ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ അനുമതിയോടെ പ്രവർത്തിക്കുന്നത് അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ്.

സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ 2013-ലെ കണക്കനുസരിച്ച് 15,680 കോഴിക്കടകളാണ് ഉണ്ടായിരുന്നത്. ഇതിൽ രജിസ്ട്രേഷനില്ലാത്തവ 75.30 ശതമാനമായിരുന്നു. ലൈസൻസുള്ളതിൽ 32 ശതമാനത്തിന് തദ്ദേശസ്ഥാപനങ്ങളുടെയും 3.2 ശതമാനത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും 23.8 ശതമാനത്തിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അനുമതിയുണ്ട്. എല്ലാ അനുമതിയുമുള്ളവ 3.27 ശതമാനം മാത്രം. 2013 ന് ശേഷം ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഇത്തരം കണക്കുകള്‍ എടുത്തിട്ടില്ല.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2020-ലെ കണക്കനുസരിച്ച് കോഴിക്കടകളും മറ്റ് ഇറച്ചിക്കടകളും ചേർന്ന് 1190 സ്ഥാപനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. കടകൾ നവീകരിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷാ നിയമം പാലിക്കുന്നതിനുമായി 2021 നവംബറിൽ തദ്ദേശ സ്വയംഭരണവകുപ്പ് പുതിയ മാർഗരേഖ പുറത്തിറക്കിയിരുന്നു. എന്നാലിത്,  ഭക്ഷ്യസുരക്ഷാ വകുപ്പോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നടപ്പാക്കിയിട്ടില്ല.

ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് മരക്കുറ്റിയിൽ ഇറച്ചി വെട്ടരുത് എന്നും നിയമമുണ്ട്.  ഇറച്ചിയിലേക്ക് മാരകമായ ബാക്ടീരിയ എത്തുന്നത് ഇറച്ചി വെട്ടുന്ന മരക്കുറ്റി വഴിയാണ്. എന്നാല്‍, ഇതും ആരും പാലിക്കുക പതിവില്ല.

shortlink

Post Your Comments


Back to top button