തൃശൂർ: പൂരം നാളിൽ വടക്കുന്നാഥനിൽ ആദ്യമെത്തുന്നത് കണിമംഗലം ശാസ്താവാണ്. ഇതിന്റെ പിന്നിൽ ഒരു കഥയുമുണ്ട്. മഞ്ഞും വെയിലും ഏൽക്കാതെ വേണം ശാസ്താവിന് എഴുന്നള്ളാൻ. അതിനാൽ രാവിലെ 5ന് തന്നെ കണിമംഗലം ശാസ്താവ് വടക്കുന്നാഥ സന്നിധിയിലെത്തും. വടക്കുന്നാഥനുമായി നേർക്കുനേർ വരാത്ത ഏക ഘടക പൂരവുമാണ് കണിമംഗലത്തിന്റേത്. നേരേ വന്നാൽ വടക്കുന്നാഥൻ പോലും എഴുന്നേറ്റു വണങ്ങണം. കാരണം, വരുന്നത് ദേവഗുരുവാണ്.
പൂരദിവസം പുലർച്ചെ 5ന് ഒരാനപ്പുറത്താണ് ശാസ്താവിന്റെ പുറപ്പാട്. നാദസ്വരവും വില്ലും അകമ്പടിയായി ഉണ്ടാകും. 6.10ന് കുളശ്ശേരി ക്ഷേത്രത്തിൽ എത്തുമ്പോൾ 4 ആനകൾ കൂടി ചേരും. പിന്നീട് ചെമ്പട മേളം അകമ്പടി. മണികണ്ഠനാലിൽ എത്തുന്നതോടെ 4 ആനകൾ കൂടി. 7 മണിയോടെ തെക്കേ ഗോപുരനട വഴി പ്രവേശിക്കും. പടിഞ്ഞാറു വഴി പുറത്തേക്കു കടന്ന് കുളശ്ശേരിയിൽ എത്തി ഇറക്കി എഴുന്നള്ളിപ്പ്.
വൈകിട്ട് 6ന് അഞ്ചാനകളുടെ അകമ്പടിയോടെ കയറ്റിയെഴുന്നള്ളിപ്പ്. പല്ലാവൂർ ശ്രീധരൻ മാരാരുടെ പഞ്ചവാദ്യം അകമ്പടിയാകും. മണികണ്ഠനാൽ–നടുവിലാൽ വഴി ശ്രീമൂല സ്ഥാനത്തേയ്ക്കു കയറും. തുടർന്ന് നിലപാടു തറയിൽ വലം വച്ച് കൊട്ടിക്കലാശം. പകൽപ്പൂര ദിനം വൈകിട്ട് 6.30ന് ക്ഷേത്രക്കുളത്തിൽ ആറാട്ടിനു ശേഷം പൂരം കൊടിയിറക്കം.
വടക്കുന്നാഥനെ വണങ്ങുകയോ വലംവയ്ക്കുകയോ ചെയ്യാതെ, കണിമംഗലം ശാസ്താവ് തെക്കേ ഗോപുരം വഴി കയറി പടിഞ്ഞാറേ ഗോപുരനട വഴി ഇറങ്ങും. ദേവകൾക്ക് ദർശനം കൊടുക്കാനാണ് തെക്കേ ഗോപുരനട വഴി കയറുന്നതെന്നും ഐതിഹ്യമുണ്ട്.
ആദ്യം കയറുന്ന പൂരമായതിനാൽ മറ്റു പൂരങ്ങൾക്കുള്ള സൗകര്യം അന്വേഷിക്കേണ്ട ഉത്തരവാദിത്വവും കണിമംഗലം ശാസ്താവിനാണ്. ഇലഞ്ഞിത്തറമേളം നടക്കുന്ന സ്ഥലത്തെ സൗകര്യം പരിശോധിക്കാനായി ഇവിടെ കണിമംഗലം ശാസ്താവ് എത്തുമ്പോൾ പാണ്ടിമേളം കൊട്ടും. ആ മേളത്തോടെയാണ് പുറത്തേക്കു കടക്കുക.
Post Your Comments