ഹൈദരാബാദ്: ബുൾഡോസർ രാജിൽ പ്രതികരണവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയിലെ മുസ്ലീങ്ങളോട് ബി.ജെ.പി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും, മുസ്ലീങ്ങളെ തുടച്ചു നീക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നതെന്നും ഒവൈസി ആരോപിച്ചു. തങ്ങളും ഇന്ത്യയിലെ പൗരന്മാർ ആണെന്നും മാന്യമായാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റംസാനിലെ അവസാന വെള്ളിയാഴ്ച ഹൈദരാബാദിലെ മക്ക മസ്ജിദിന് സമീപം ഒരു സമ്മേളനത്തിൽ സംസാരിക്കവെയാണ് ബി.ജെ.പിക്കെതിരെ ഒവൈസി ആഞ്ഞടിച്ചത്.
‘ഈ വിദ്വേഷം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയോട് ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഇത് രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. നിങ്ങളുടെ പാര്‍ട്ടിയും നിങ്ങളുടെ സര്‍ക്കാരും, ഭരണവും ഇന്ത്യൻ മുസ്ലീങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഞങ്ങളും ഈ രാജ്യത്ത് മാന്യമായി ജീവിക്കുന്ന പൗരന്മാരാണ്. ഞങ്ങളുടെ ജീവിതവും പ്രധാനപ്പെട്ടതാണ്. ഞങ്ങള്‍ മോദിക്കും അമിത് ഷായ്ക്കും മുന്നില്‍ തലകുനിക്കില്ല. ഞങ്ങള്‍ അല്ലാഹുവിന്റെ മുന്നില്‍ തലകുനിക്കുന്നവരാണ്. ഞങ്ങള്‍ക്ക് അല്ലാഹു മതി. മരണത്തെ ഭയക്കാത്തതിനാല്‍ മുസ്ലീങ്ങള്‍ തങ്ങളുടെ ഭൂമി വിട്ടുപോകില്ല.
‘ആളുകള്‍ എന്നെ വിളിച്ച് തങ്ങളോട് ചെയ്യുന്ന അതിക്രമങ്ങളെ കുറിച്ചും അവരുടെ ഗ്രാമങ്ങളും കടകളും തകര്‍ക്കപ്പെടുന്നതിനെ കുറിച്ചും പറയുന്നു. ആരും പ്രതീക്ഷ കൈവിടരുത്, വിഷമിക്കരുത്. നമ്മള് അതിനെ ക്ഷമയോടെ നേരിടും, പക്ഷേ ഒരിക്കലും മറ്റൊരു വീട് നശിപ്പിക്കരുത്. മുസ്ലീങ്ങൾക്ക് മേൽ വളരെയധികം സമ്മർദ്ദം ചെലുത്താനും അവരെ വേദനിപ്പിക്കാനും ബി.ജെ.പി ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത്, ബി.ജെ.പി മുസ്ലീങ്ങൾക്കെതിരെ വിദ്വേഷത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. മുസ്ലീങ്ങൾക്ക് ക്ഷമയും ധൈര്യവും നഷ്ടപ്പെടുന്നില്ല. ഭരണഘടനയ്ക്കുള്ളിൽ നിന്ന് ഈ അടിച്ചമർത്തലിനെതിരെ പോരാടുക’, ഒവൈസി പറഞ്ഞു.
Post Your Comments