കൊച്ചി: ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍. പരാതിക്കാരിയായ നടിയോടൊപ്പം വിജയ് ബാബു ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വിജയ് ബാബുവും പരാതിക്കാരിയും കടവന്ത്രയിലെ ഹോട്ടലിലും ഫ്ലാറ്റുകളിലും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയെടുത്തു. അഞ്ചിടങ്ങളില്‍ പീഡനം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടി. അതേസമയം, ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. താനാണ് ഇരയെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ആണ് വിജയ് ബാബു വ്യക്തമാക്കിയിട്ടുള്ളത്. ജാമ്യഹർജി പരിഗണിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പൊലീസ് കോടതിയിൽ വെളിപ്പെടുത്താനാണ് സാധ്യത.
കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ, അഞ്ച് സ്ഥലത്ത് വിജയ് ബാബു തന്നെ കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ ഉള്ളത്. മയക്കുമരുന്നും മദ്യവും നൽകി അർദ്ധബോധാവസ്ഥയിൽ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതിയിലുള്ളത്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലും എന്നതടക്കമുള്ള ഭീഷണി തനിക്കുണ്ടായെന്നും നടിയുടെ പരാതിയിലുണ്ടായിരുന്നു.
ചലച്ചിത്ര പ്രവര്‍ത്തകരടക്കം എട്ടു സാക്ഷികളുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇതില്‍ നിന്ന്, നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചു. പീഡനപരാതി ബലപ്പെടുത്തുന്ന തരത്തിൽ, ഹോട്ടൽ ജീവനക്കാരടക്കം സാക്ഷികളുടെ മൊഴികളും പോലീസ് ശേഖരിച്ചു. കൂടുതല്‍ പേരുടെ മൊഴി ഇന്നെടുക്കും. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തെന്നാരോപിച്ച് ഈ മാസം 22നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്. നടനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു ഇന്നലെ പ്രതികരിച്ചിരുന്നു. വിജയ് ബാബു എത്ര ദിവസം ഒളിവിലിരുന്നാലും അദ്ദേഹത്തിനെതിരെ കൂടുതൽ ശക്തമായ തെളിവുകൾ ശേഖരിച്ച് അറസ്റ്റിലേക്ക് നീങ്ങാനാണ് പൊലീസിൻ്റെ തീരുമാനം. വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്നാണ് അന്വേഷണസംഘത്തിൻ്റെ നിലപാട്.
Post Your Comments