ഉള്ളടക്കം കൊണ്ട് സമീപകാലത്ത് ഏറെ ചര്‍ച്ചയും വിവാദവും സൃഷ്ടിച്ച ബോളിവുഡ് ചിത്രമാണ് ‘ദി കശ്മീർ ഫയൽസ്’. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രം, തിയേറ്ററുകളിൽ വമ്പൻ ഹിറ്റ് ആയിരുന്നു. ഇതുപോലൊരു കഥ തിരഞ്ഞെടുത്ത സംവിധായകനെ വിമർശിച്ചും, പുകഴ്ത്തിയും സിനിമാ നിരൂപകർ രംഗത്ത് വന്നിരുന്നു. സിനിമയ്‌ക്കെതിരെ മുഖം തിരിച്ചത് ചില രാഷ്ട്രീയ നേതാക്കളായിരുന്നു. മാര്‍ച്ച് 11 ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം, മെയ് 13 ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സീ 5 ലെത്തും. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.
ഇപ്പോഴിതാ, മലയാളത്തിൽ തനിക്കൊരു ചരിത്ര സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറയുകയാണ് വിവേക്. നിലവിൽ മലബാർ കലാപത്തെ കുറിച്ച് ഗവേഷണം നടത്തുകയാണ് സംവിധായകൻ. ഏഷ്യാനെറ്റ് ന്യൂസുമായി നടത്തിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ബി.ജെ.പി സർക്കാരിന്റെ ടൂൾ ആയി പ്രവർത്തിക്കുന്നു, സിനിമ നിറയെ ഇസ്ലാമോഫോബിയ തുടങ്ങിയ ആരോപണങ്ങളിലും സംവിധായകൻ മറുപടി നൽകുന്നുണ്ട്.
‘ഈ സിനിമയിൽ ഒരുപാട് മുസ്ലിംസ് എന്റെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. എനിക്ക് അവരുമായി യാതൊരു പ്രശ്നവുമില്ല. സിനിമയിൽ ഇസ്ലാമോഫോബിയ ഇല്ല. സിനിമയിൽ ഉള്ളത് ടെററിസംഫോബിയ ആണ്. തീവ്രവാദത്തെ കുറിച്ചാണ് സിനിമ പറയുന്നത്. എനിക്ക് അതിനോട് പ്രശ്നമുണ്ട്. തീവ്രവാദത്തിനെതിരെ പറയുമ്പോൾ, എന്തിനാണ് എനിക്ക് ഇസ്ലാമോഫോബിയ ഉണ്ടെന്ന് പറയുന്നത്? എന്റെ സിനിമയിൽ മുസ്ലിം എന്ന വാക്ക് പോലും ഞാൻ ഉപയോഗിച്ചിട്ടില്ല. പാകിസ്ഥാൻ എന്ന പേര് പോലും ഞാൻ ഉപയോഗിച്ചിട്ടില്ല. ഞാൻ ചെയ്തത്, തീവ്രവാദം വെടിപ്പായി കാണിച്ചു എന്നതാണ്. മലയാള സിനിമ എനിക്കിഷ്ടമാണ്. കേരളത്തിന്റെ സംസ്കാരവും എനിക്കിഷ്ടമാണ്. മാലിക് ആണ് ഞാൻ ഏറ്റവും ഒടുവിൽ കണ്ട മലയാള ചിത്രം. പക്ഷെ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ആണ്. ആ സിനിമ അടിപൊളിയാണ്. മറക്കാൻ പറ്റില്ല. നിമിഷ മനോഹരമായിരുന്നു. അസാധ്യമായി ചെയ്തു. കേരളത്തിൽ നിന്നുള്ളവർ എനിക്ക് ഇത്രയും സ്നേഹം തരുമെന്ന് ആര് കരുതി? എന്റെ അടുത്ത ചിത്രം ചിലപ്പോൾ മലയാളികളെ സർപ്രൈസ് ചെയ്യിക്കുന്നതാകും. മലബാർ കലാപത്തെ കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ചിലപ്പോൾ സിനിമയാകും’, വിവേക് അഗ്നിഹോത്രി പറഞ്ഞു.
അതേസമയം, ചിത്രത്തിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മോഹന്‍ ഭാഗവതും രംഗത്തെത്തിയിരുന്നു. അതേസമയം ചിത്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസും സി.പി.എമ്മും മുസ്ലിം ലീഗും രംഗത്തെത്തിയിരുന്നു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. ചിത്രം ന്യൂനപക്ഷങ്ങളെ ആകെ മോശക്കാരായി ചിത്രീകരിക്കുകയാണെനായിരുന്നു സി.പി.എമ്മിന്റെ കണ്ടെത്തൽ. എഴുത്തുകാരന്‍ അശോക് സ്വെയ്‍ന്‍, നടി സ്വര ഭാസ്കര്‍ തുടങ്ങി നിരവധി വ്യക്തികളും ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. 350 കോടിയാണ് ലോകവ്യാപകമായി ചിത്രം നേടിയത്. കൃത്യമായി പറഞ്ഞാൽ ഒരു സർപ്രൈസ് ഹിറ്റ് തന്നെയായിരുന്നു ചിത്രം.
Post Your Comments