പാരീസ്: 2016ല്‍ ലോകത്തെ നടുക്കിയ വിമാന അപകടമായിരുന്നു ഈജിപ്ത് എയര്‍ വിമാനത്തിന്റേത്. 66 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട വിമാന അപകടം ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ കഴിയാത്തതും നിഗൂഢ സാഹചര്യത്തില്‍ തകര്‍ന്ന് വീണതുമായിരുന്നു അപകടം ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണം. എന്തായിരുന്നു സംഭവിച്ചതെന്ന് വ്യക്തമാകാതിരുന്നതിനാല്‍ കഴിഞ്ഞ ആറ് വര്‍ഷമായി അന്വേഷണം പുരോഗമിക്കുകയായിരുന്നു. എന്നാല്‍, പൈലറ്റിന്റെ അനാസ്ഥയാണ് അപകടം ഉണ്ടായതിന്റെ പിന്നിലെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ഫ്രഞ്ച് ഏവിയേഷന്‍ വിദഗ്ധരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പൈലറ്റ് സിഗരറ്റ് കത്തിച്ചത് കോക്പിറ്റ് തീപിടിക്കുന്നതിന് കാരണമായെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. സിഗരറ്റ് കത്തിച്ചതിന് പിന്നാലെ എമര്‍ജന്‍സി മാസ്‌കില്‍ നിന്ന് ഓക്‌സിജന്‍ ചോരുകയും തുടര്‍ന്ന് കോക്പിറ്റ് കത്തിപ്പിടിക്കുകയും ചെയ്തുവെന്ന് 134 പേജുകളുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈജിപ്ഷ്യന്‍ പൈലറ്റുമാര്‍ വിമാനത്തിനുള്ളില്‍ നിരന്തരമായി പുകവലിച്ചിരുന്നതായും ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടും പുകവലി കര്‍ശനമായി നിരോധിക്കാന്‍ എയര്‍ലൈന്‍ അധികൃതര്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
2016 മെയ് മാസത്തിലായിരുന്നു അത്യധികം ദാരുണമായ വിമാന ദുരന്തം നടന്നത്. എ-320 എന്ന ഈജിപ്ത് എയര്‍ ഫ്ളൈറ്റ് പാരീസില്‍ നിന്ന് കെയ്റോ പട്ടണത്തിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ക്രീറ്റ് ദ്വീപിന് സമീപം കിഴക്കന്‍ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ തകര്‍ന്നു വീണു. ഏറെ നിഗൂഢതകള്‍ ബാക്കിനിര്‍ത്തിയ അപകടത്തിന്റെ കാരണം ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുറത്തുവന്നിരിക്കുന്നത്.
40 ഈജിപ്ഷ്യന്‍ സ്വദേശികള്‍, 15 ഫ്രഞ്ച് പൗരന്മാര്‍, രണ്ട് ഇറാഖ് സ്വദേശികള്‍, രണ്ട് കനേഡിയന്‍മാര്‍, അള്‍ജീരിയ, ബെല്‍ജിയം, ബ്രിട്ടണ്‍, പോര്‍ച്ചുഗല്‍, സൗദി അറേബ്യ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. 37,000 അടി ഉയരത്തില്‍ പറന്നിരുന്ന വിമാനം ഗ്രീക്ക് ദ്വീപായ കാര്‍പതോസിന് 130 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നും ആദ്യം കാണാതാകുകയായിരുന്നു. പിന്നീടാണ് പൊട്ടിത്തെറിച്ച വിവരം ലോകമറിയുന്നത്.
Post Your Comments